കോഴിക്കോട്: രാജ്യം മുഴുവൻ നടക്കുന്ന മതഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെതിരെ പ്രചരണം നടത്തിയത് മതതീവ്രവാദികളാണെന്ന് അദ്ദേഹം പറഞ്ഞു. ‘മുഖ്യധാര രാഷ്ട്രീയ പാർട്ടിക്കാർ അത് ഏറ്റെടുത്തു. കേരളത്തിലായിരുന്നു ഇതിന്റെ തുടക്കം. രാജ്യവിരുദ്ധ ശക്തികളുടെ പ്രഭവകേന്ദ്രം കേരളമാണ്. ജെഎൻയുവിലെ ഇടത്-ജിഹാദി അജണ്ട പൊളിച്ചപ്പോൾ കേരളത്തിലെ യൂണിവേഴ്സിറ്റികളായി ഇവരുടെ താവളമെന്നും’ അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് പോപ്പുലർ ഫ്രണ്ടിനെതിരെ ബിജെപി നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സമാന്തര ടെലിഫോൺ എക്സേഞ്ചിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് ബിജെപി പറഞ്ഞപ്പോൾ പലരും പരിഹസിച്ചു. എന്നാൽ ഇപ്പോൾ അത് പൊലീസ് കോടതിയിൽ സമ്മതിച്ചു. അതിന് സഹായം ചെയ്തത് കോഴിക്കോട്ടുകാരാണ്. പാലാ ബിഷപ്പ് ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടിയതും ഇതേ മതഭീകരരാണ്. ബിഷപ്പിനെതിരെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഹാലിളകി വന്നു. ഹാഗിയ സോഫിയ വിഷയത്തിൽ ക്രിസ്ത്യാനികളെ വേദനിപ്പിക്കുന്ന ലേഖനമെഴുതിയ പണക്കാട്ടെ തങ്ങൾക്കെതിരെ ആരും പ്രതികരിച്ചില്ല. ജോസഫ് മാഷിന്റെ കൈവെട്ടിയ മതതീവ്രവാദത്തിനെതിരെ സംഘപരിവാറല്ലാതെ ആരെങ്കിലും പ്രതികരിച്ചോയെന്ന് അദ്ദേഹം ചോദിച്ചു. കമ്മ്യൂണിസ്റ്റുകാർ ആദ്യം ചെയ്തത് ഇപ്പോൾ പോപ്പുലർ ഫ്രണ്ടുകാരെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് അവരെന്നും സുരേന്ദ്രൻ പറഞ്ഞു. നാളെ പാല് കൊടുത്ത കൈക്ക് തന്നെ പോപ്പുലർ ഫ്രണ്ട് കൊത്തും. വിവാഹപ്രായം 21 വയസാക്കിയതിനെ ആദ്യം എതിർത്തത് സിപിഎമ്മാണ്. കൊവിഡ് അള്ളാഹുവിന്റെ ശിക്ഷയാണെന്നാണ് സിപിഎം നേതാവ് ടികെ ഹംസ പറയുന്നത്. ഇത് എന്തൊരു പാർട്ടിയാണെന്ന് മനസിലാകുന്നില്ലെന്ന്’ അദ്ദേഹം കുറ്റപ്പെടുത്തി.
‘മുസ്ലിങ്ങൾക്കിടയിൽ ഭയമുണ്ടാക്കി ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുകയാണ് കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രവർത്തനം. പോപ്പുലർ ഫ്രണ്ടിന്റെ ഭീകരതയ്ക്കെതിരെ മുസ്ലിം സംഘടനകൾ പ്രതികരിക്കാത്തത് ആശങ്കാജനകമാണെന്നും’ സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ സജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.രഞ്ജിത്ത്, അഡ്വ.കെ.പി.പ്രകാശ് ബാബു, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ജില്ല സഹപ്രഭാരി കെ.നാരായണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
Post Your Comments