പാലക്കാട്: ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ സിനിമക്കെതിരായ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി സംവിധായകന്‍ വിഷ്ണു മോഹന്‍. സിനിമ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഹിന്ദുത്വ സംഘടനയെ വെള്ളപൂശുന്നതായും ആരോപിച്ച് ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള ഡീഗ്രേഡിംഗ് ആണ് നടക്കുന്നത്. ഇതിന് വ്യക്തമായ മറുപടിയുമായാണ് സംവിധായകന്‍ രംഗത്ത് വന്നിരിക്കുന്നത്.
ചിത്രീകരണ സമയത്ത് കോവിഡ് ആയതിനാല്‍ ആംബുലന്‍സുകളെല്ലാം തിരക്കിലായിരുന്നുവെന്നും ഷൂട്ടിന് ആംബുലന്‍സ് നല്‍കാന്‍ തയ്യാറായവര്‍ വലിയ തുക ചോദിച്ച സമയത്ത് സേവാ ഭാരതി സൗജന്യമായി ആംബുലന്‍സ് നല്‍കാന്‍ തയ്യാറായെന്നും വിഷ്ണു മോഹന്‍ പറഞ്ഞു.
സേവാഭാരതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അറിയപ്പെടുന്ന എന്‍ജിഒ ആണെന്നും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ എന്‍ജിഒ ഒന്നുമല്ലാത്ത സ്ഥിതിക്ക് അവരുടെ ആംബുലന്‍സ് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നും വിഷ്ണു മോഹൻ ചോദിച്ചു. ഒരു ആംബുലന്‍സ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകള്‍ ഇങ്ങനെ പറയാന്‍ നിന്നാല്‍ അങ്ങനെയൊക്കെ ചിന്തിച്ചാല്‍ ഇവിടെ സിനിമ ചെയ്യാന്‍ പറ്റില്ലെന്നും വിഷ്ണു കൂട്ടിച്ചേർത്തു.
‘എല്ലാ ദുരന്തങ്ങള്‍ ഇവിടെ സംഭവിക്കുമ്പോഴും പോലീസും ഫയര്‍ഫോഴ്സും കഴിഞ്ഞാല്‍ ഞാന്‍ മുന്നില്‍ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി. ഇവരെ ഒഴിച്ചുനിര്‍ത്തി എങ്ങനെ സിനിമ ചെയ്യാന്‍ പറ്റും. ഇനി നാളെ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുന്നതിനെ പറ്റി ഒരു സിനിമ ചെയ്യുമ്പോള്‍ ഈ സേവാഭാരതിയെ ഒഴിച്ചുനിര്‍ത്താന്‍ പറ്റില്ലല്ലോ? കേരളത്തില്‍ ആര്‍ക്കാണ് ഇതെല്ലാം അറിയാത്തത്. ഇവിടുത്തെ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തതല്ലേ?’ വിഷ്ണു മോഹന്‍ പറഞ്ഞു.
Post Your Comments