Latest NewsKeralaIndia

‘ഫ്രാങ്കോ മുളക്കലിന് ചുമതലകൾ നൽകിയാൽ കത്തോലിക്കാ സഭയുടെ അന്ത്യത്തിന് ഇടയാകും’ ഫാദർ അഗസ്റ്റിൻ വട്ടോലി

മഠത്തിലെ ടാപ്പ് മാറ്റുന്നതിനെ പറ്റിയിട്ടോ, ട്യൂബ് ലൈറ്റ് മാറ്റുന്നതിനെ പറ്റിയിട്ടോ, മഠത്തിലെ കെട്ടിടത്തിന് പൂപ്പൽ ബാധിച്ചിട്ടുണ്ട് അത് കഴുകിക്കളയണം എന്നുള്ള കാര്യം പറയാനോ കന്യാസ്ത്രീ കർദ്ദിനാളിനെ കാണാൻ വരില്ലല്ലോ.

കൊച്ചി: ഫ്രാങ്കോ മുളക്കലിന് ചുമതലകൾ നൽകിയാൽ കത്തോലിക്കാ സഭയുടെ അന്ത്യത്തിന് ഇടയാക്കുമെന്ന് ഫാദർ അഗസ്റ്റിൻ വട്ടോലി. മഠത്തിലെ ബൾബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കർദ്ദിനാളിനെ കണ്ടത് കേസിൽ അപ്പീൽ പോകുകതന്നെ ചെയ്യുമെന്നും അഗസ്റ്റിൻ വട്ടോലി പ്രതികരിച്ചു. കർദ്ദിനാളിന്റെ മൊഴി സംബന്ധിച്ച് അദ്ദേഹം മനഃസാക്ഷിയോട് ചോദിക്കട്ടെ എന്നും അഗസ്റ്റിൻ വട്ടോലി പറഞ്ഞു. കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ഫ്രാങ്കോ മുളക്കൽ തിരിച്ച് ചുമതലകളിലേക്ക് എത്താനുള്ള നീക്കം നടത്തുന്നു എന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്ഒഎസ് ഫോറം കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോലി ഇക്കാര്യം വ്യക്തമാക്കിയത്. ഫ്രാങ്കോയ്ക്ക് തിരിച്ച് ചുമതല നൽകുകയാണെങ്കിൽ അത് കത്തോലിക്കാ സഭയുടെ അന്ത്യത്തിന് തന്നെ ഇടയാക്കും എന്നാണ് ഫാദർ വട്ടോളി പറഞ്ഞത്. കേസ് പൂർണമായും അവസാനിക്കുന്നത് വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തിൽ താമസിപ്പിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘കുറവിലങ്ങാട് പള്ളിയിൽ വെച്ചാണ് പാലാ ബിഷപ്പിനെ കാണുന്നത്. വിഷയം മുഴുവൻ കേട്ടു. മേലധികാരിയോട് ഇക്കാര്യം പറയാൻ അദ്ദേഹം തന്നെയാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകൾ കർദ്ദിനാളിനെ വന്ന് കാണുന്നത്. അടച്ചിട്ട മുറിയിൽ ഒരു മണിക്കൂറോളമാണ് അവർ സംസാരിച്ചത്. മഠത്തിലെ ടാപ്പ് മാറ്റുന്നതിനെ പറ്റിയിട്ടോ, ട്യൂബ് ലൈറ്റ് മാറ്റുന്നതിനെ പറ്റിയിട്ടോ, മഠത്തിലെ കെട്ടിടത്തിന് പൂപ്പൽ ബാധിച്ചിട്ടുണ്ട് അത് കഴുകിക്കളയണം എന്നുള്ള കാര്യം പറയാനോ കന്യാസ്ത്രീ കർദ്ദിനാളിനെ കാണാൻ വരില്ലല്ലോ. അദ്ദേഹം അത് നിഷേധിച്ചു. അത് അദ്ദേഹത്തിന്റെ മനഃസാക്ഷിയോട് ചോദിക്കേണ്ട കാര്യമാണ്’- ഫാദർ അഗസ്റ്റിൻ വട്ടോലി പറഞ്ഞു.

നിലവിൽ വിക്ടിം പ്രൊട്ടക്ഷൻ ആക്ടിന്റെ ഭാഗമായിട്ടാണ് ഇരയായിട്ടുള്ള കന്യാസ്ത്രീകൾക്ക് കുറവിലങ്ങാട് മഠത്തിൽ താമസിക്കാൻ സാധിച്ചത്. എന്നാൽ വിചാരണക്കോടതി വിധി പറഞ്ഞു എന്ന് കരുതി കന്യാസ്ത്രീകളെ മഠത്തിൽ നിന്ന് സ്ഥലം മാറ്റുകയോ മറ്റു കാര്യങ്ങളോ ഒന്നും ഉണ്ടാകാൻ പാടില്ലെന്നും സഭാ നേതൃത്വം ഇക്കാര്യങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button