പത്തനംതിട്ട: കെ റെയിൽ പദ്ധതി കേരളത്തിന്റെ ശോഭനമായ ഭാവിക്ക് എല്ലാതരത്തിലും അനുയോജ്യമായതാണെന്ന് കേരള റെയിൽ ഡെവലപ്പ്മെന്റ് കോപ്പറേഷൻ (കെ റെയിൽ) മാനേജിംഗ് ഡയറക്ടർ വി. അജിത്ത്കുമാർ. തിരുവനന്തപുരം-കാസർഗോഡ് സിൽവർ ലൈൻ അർധ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ജനങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിനായി പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ ഹാളിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സിൽവർ ലൈൻ പരിപാടി പദ്ധതി വിശദീകരണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: ലോകത്തിലെ ഏറ്റവും വലിയ ദേശീയപതാക പ്രദര്‍ശിപ്പിക്കാനൊരുങ്ങി എം.എസ്.എം.ഇ മന്ത്രാലയം
‘കേരളത്തിന്റെ തെക്കേ അറ്റത്തുനിന്ന് വടക്കേ അറ്റത്തേക്ക് മൂന്നു മണിക്കൂർ 54 മിനിറ്റു കൊണ്ട് എത്തിചേരാൻ കഴിയുന്ന അർധ അതിവേഗ റെയിൽ പദ്ധതിയാണ് സിൽവർലൈൻ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 529.45 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. പത്തനംതിട്ടയുടെ സമീപ പ്രദേശമായ ചെങ്ങന്നൂരിലെ നിലവിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.3 കിലോമീറ്റർ മാറിയാണ് സിൽവർലൈൻ റെയിൽവേ സ്റ്റേഷൻ നിർമിക്കുക. എംസി റോഡിന് സമീപമാണിത്. ഇവിടെ ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്റ്റേഷൻ സമുച്ചയം നിർമിക്കും. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റി ഉണ്ടാകും. ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള യാത്രാസൗകര്യം സജ്ജമാക്കും. പത്തനംതിട്ട ജില്ലയിലൂടെ 22 കിലോമീറ്റർ പാത കടന്ന്പോകുന്നു. വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം സിൽവർലൈൻ സ്റ്റേഷനിൽ ഉണ്ടായിരിക്കുമെന്ന്’ അദ്ദേഹം വ്യക്തമാക്കി.
‘സിൽവർലൈൻ പദ്ധതി പൂർത്തിയാകുന്നതോടെ ചെങ്ങന്നൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് 46 മിനിറ്റും, കൊല്ലത്തേക്ക് 22 മിനിറ്റും കോട്ടയത്തേക്ക് 16 മിനിറ്റും, എറണാകുളത്തേക്ക് 39 മിനിറ്റും, കൊച്ചി എയർപോർട്ടിലേക്ക് 49 മിനിറ്റും, കോഴിക്കോട്ടേക്ക് ഒരു മണിക്കൂർ 54 മിനിറ്റും, കാസർഗോഡേക്ക് മൂന്ന് മണിക്കൂർ എട്ട് മിനിറ്റും എടുക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. കേരളത്തിന്റെ നിലവിലെ ഗതാഗത പ്രതിസന്ധിക്ക് ബദലായാണ് സിൽവർലൈൻ അർദ്ധ അതിവേഗ പദ്ധതി സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്. കേരള സർക്കാരിന്റെയും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെയും സംയുക്ത സംരംഭമാണ് കെ. റെയിൽ. പദ്ധതി പൂർത്തിയാകുന്നതോടെ റോഡിലെ ഗതാഗതം ഗണ്യമായി കുറയ്ക്കാനാകും. പ്രതിദിനം റോഡ് ഉപയോഗിക്കുന്ന 46206 ഓളം പേർ സിൽവർലൈനിലേക്ക് മാറുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 530 കോടി രൂപയുടെ പെട്രോളും, ഡീസലും പ്രതിവർഷം ലാഭിക്കാനും വായുമലിനീകരണം ഗണ്യമായി കുറയ്ക്കാനും കഴിയുമെന്നും’ അദ്ദേഹം പറഞ്ഞു.
‘റോഡുകളിലെ ഗതാഗത കുരുക്കും വാഹന അപകടങ്ങളും വലിയ രീതിയിൽ കുറയ്ക്കാൻ കഴിയും. റോ റോ സംവിധാനം വഴി ദേശീയ പാതകളിൽ നിന്ന് 500 ഓളം ട്രക്കുകൾ ഒഴിവാക്കാനാകും. 2025 ഓടെ 2.88 ലക്ഷം ടൺ കാർബൺ ബഹിർഗമനം ഇല്ലാതാക്കും. പദ്ധതി നിർമാണ സമയത്ത് അമ്പതിനായിരം തൊഴിൽ അവസരവും പ്രവർത്തനഘട്ടത്തിൽ പതിനൊന്നായിരം പേർക്ക് ജോലി ലഭിക്കാനും സഹായകരമാകും. പദ്ധതിയുടെ നിർമ്മാണത്തിന് സ്ഥലം, വീട് തുടങ്ങിയവ നഷ്ടപ്പെടുന്നവർക്ക് അർഹമായ ആനുകൂല്യം ഉറപ്പാക്കും. ആധുനിക രീതിയിൽ ഒരു നൂറ്റാണ്ട് മുന്നിൽക്കണ്ടുള്ള നിർമാണ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുകയെന്ന്’ അദ്ദേഹം അറിയിച്ചു.
Read Also: എല്ലാ മേഖലകളിലും ഇന്ത്യയുടെ മുന്നേറ്റം, സുപ്രധാന ചുവടുവയ്പ്പിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി
‘സ്വന്തം വാഹനം ഉപയോഗിച്ച് ദിവസം 150 കിലോമീറ്ററിൽ അധികം ദൂരം യാത്ര ചെയ്യുന്ന ആളുകൾക്ക് പദ്ധതി വലിയ പ്രയോജനമാണ് ഉണ്ടാക്കുന്നത്. സർക്കാരിനും ജനങ്ങൾക്കും പ്രയോജനകരമായ രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആവശ്യമായ വിവിധ പഠനങ്ങൾ പൂർത്തിയാക്കിയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. അഞ്ച് വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ചിലവ് 63,940.67 കോടി രൂപയാണ്. ലോകത്തെ മികച്ച ഗതാഗത സൗകര്യം കേരളത്തിലും ലഭ്യമാക്കാൻ കെ.റെയിൽ പദ്ധതി മുഖേന സാധിക്കുമെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments