Latest NewsIndia

കുനൂർ ഹെലികോപ്റ്റർ അപകടം കാലാവസ്ഥ വ്യതിയാനം മൂലം : അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്

ന്യൂഡൽഹി: കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിന് കാരണം യന്ത്രത്തകരാറോ അട്ടിമറിയോ അല്ലെന്ന് അന്വേഷണ റിപ്പോർട്ട്. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയത് കാലാവസ്ഥ വ്യതിയാനമാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഹെലികോപ്റ്റർ മേഘങ്ങളിൽ കുടുങ്ങി ഭൂപ്രദേശത്ത് ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വാർത്താ ഏജൻസിയായ എഎൻഐയാണ് ഈക്കാര്യം റിപ്പോർട്ട് ചെയ്തത്.

അപകടകാരണം സംബന്ധിച്ച പ്രാഥമിക കണ്ടെത്തലുകൾ അന്വേഷണ സംഘം പ്രതിരോധ മന്ത്രിക്ക് കഴിഞ്ഞയാഴ്ച സമർപ്പിച്ചിരുന്നു. താഴ്‌വരയിലെ കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത വ്യതിയാനം മൂലം ഹെലികോപ്റ്റർ മേഘങ്ങളിൽ പ്രവേശിക്കുകയായിരുന്നു. ഇത് പൈലറ്റിനെ സ്പെഷ്യൽ ഡിസോറിയന്റേഷനിലേക്ക് നയിച്ചതാണ് ഹെലികോപ്റ്റർ ഇടിച്ചിറങ്ങാൻ കാരണമായതെന്ന് ഇന്ത്യൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു.

ഇതാദ്യമായാണ് വ്യോമസേന അന്വേഷണത്തിലെ കണ്ടെത്തലുകൾ ഔദ്യോഗികമായി പുറത്തു വിടുന്നത്. ഫ്ളൈറ്റ് ഡാറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും അന്വേഷണ സംഘം വിശദമായി പരിശോധിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ ലഭ്യമായ എല്ലാ സാക്ഷികളെയും ചോദ്യം ചെയ്തുവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button