കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേട്ട് കോടതി മുറിയിൽ വെച്ച് ഫ്രാങ്കോ മുളയ്ക്കല്‍ പൊട്ടിക്കരഞ്ഞു. അഭിഭാഷകനെ കെട്ടിപ്പിടിച്ച് ആണ് ഫ്രാങ്കോ തന്റെ നന്ദി പ്രകടിപ്പിച്ചത്. ദൈവത്തിന് സ്തുതി എന്നും സത്യം തെളിഞ്ഞുവെന്നും ഫ്രാങ്കോ പ്രതികരിച്ചു.
വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു. ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം, എല്ലാറ്റിനുമൊടുവിൽ നീതി ഇനിയും അകലെയാണ് അതിജീവിതയ്ക്ക്.
105 ദിവസം നീണ്ടുനിന്ന രഹസ്യ വിചാരണയില്‍ 39 സാക്ഷികളെ കോടതി വിസ്തരിച്ചു. കേസില്‍ 83 സാക്ഷികള്‍ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രോസിക്യൂഷന്‍ പലരെയും വിസ്തരിച്ചിരുന്നില്ല. 4000 ത്തിലധികം പേജുള്ള കുറ്റപത്രമായിരുന്നു കേസിൽ പോലീസ് സമർപ്പിച്ചത്. ഫ്രാങ്കോയ്‌ക്കെതിരായ കേസിൽ 2019 ഏപ്രില്‍ ഒമ്പതിനാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ബിഷപ്പുമാർ, വൈദികർ, കന്യാസ്ത്രീകൾ എന്നിവരടക്കം 83 സാക്ഷികളാണ് കേസിലുള്ളത്.
2019 നവംബറിലാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ബലാത്സംഗക്കേസിൽ വിചാരണ തുടങ്ങിയത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷിന്‍റെ നേതൃത്വത്തിലൂള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാലു മാസത്തോളം വിശദമായ അന്വേഷണം നടത്തിയാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്‍തത്.
Post Your Comments