തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ നിൽക്കെ അഞ്ചൂറിലധികം സ്ത്രീകളെ ഉൾപ്പെടുത്തി തിരുവനന്തപുരത്തത് നടത്തിയ ‘മെഗാ തിരുവാതിരക്കളി’യെ വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. കോടിയേരിയോ പിണറായിയോ പറഞ്ഞിട്ടാണ് ഇമ്മാതിരി അശ്ലീല തിരുവാതിര നടക്കുന്നതെന്ന് കരുതാൻ വയ്യെന്ന് ഹരീഷ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. പാർട്ടിയെ അതിരൂക്ഷമായ ഭാഷയിലാണ് ഹരീഷ് വിമർശിക്കുന്നത്. സി പി എം എന്ന പാർട്ടി മുൻപെങ്ങുമില്ലാത്തവിധം വ്യക്തികളിലേക്ക് ചുരുങ്ങിയെന്നും നേതാക്കളെ പ്രീണിപ്പിക്കാൻ നടു വളഞ്ഞും കുനിഞ്ഞു നിന്നും എന്തും ചെയ്തു കൊടുക്കുക എന്നത് പാർട്ടിക്കുള്ളിലെ ഒരു ശൈലിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം വിമർശിക്കുന്നു.
‘ഇങ്ങനെ പോയാൽ വൈകാതെ ഇവർ പിണറായി വിജയന്റെ പേരിൽ അമ്പലം ഉണ്ടാക്കുമെന്ന് കരുതുന്നു. ഈ അനുപാതരഹിത വ്യക്തിപൂജയുടെ നാണക്കേട് പോലും അണികൾക്കല്ല പാർട്ടിക്കും നേതാവിനുമാണ് എന്ന് ഇത് ചെയ്യുന്ന അണികളും ഓർത്താൽ കൊള്ളാം. ഒരാളെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും രണ്ടാണ്. രണ്ടാമത്തേത് യുക്തിരഹിതമാണ്. വ്യക്തിപൂജ അശ്ലീലമാണ്’, ഹരീഷ് വാസുദേവൻ തനറെ ഫേസ്‌ബുക്കിൽ കുറിച്ചു.
ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:
കോടിയേരിയോ പിണറായിയോ പറഞ്ഞിട്ടാണ് ഇമ്മാതിരി അശ്ലീല തിരുവാതിര നടക്കുന്നതെന്ന് കരുതാൻ വയ്യ. അവർ അറിഞ്ഞാൽ ചിലപ്പോൾ സമ്മതിക്കുകയും ഇല്ലായിരിക്കാം. പക്ഷെ അതല്ല പ്രശ്നം. CPIM എന്ന പാർട്ടി മുന്പെങ്ങുമില്ലാത്തവിധം വ്യക്തികളിലേക്ക് ചുരുങ്ങി എന്നു തോന്നുന്നുണ്ട്. നേതാക്കളെ പ്രീണിപ്പിക്കാൻ നടു വളഞ്ഞും കുനിഞ്ഞു നിന്നും എന്തും ചെയ്തു കൊടുക്കുക എന്നത് പാർട്ടിക്കുള്ളിലെ ഒരു ശൈലിയായി മാറിയിരിക്കുന്നു.
പൊളിറ്റ്ബ്യുറോ നടക്കുന്ന ഡൽഹി ഓഫീസിൽ 2011 ൽ പോയിട്ടുണ്ട്, പ്രകാശ് കാരാട്ടിനേ കാണാൻ. അവിടത്തെ ഓഫീസ് തുടയ്ക്കുന്ന ജോലിക്കാരൻ എന്നോട് ഇംഗ്ലീഷിൽ പറഞ്ഞത്, “Com.പ്രകാശ് വരും ഇരിക്കൂ” എന്നാണ്. സഖാക്കളെ തുല്യരായിട്ടു കാണാനാണ് പ്രകാശ് കാരാട്ടായാലും ബ്രിന്ദയായാലും യെച്ചൂരിയായാലും കൂടെയുള്ളവരെ ശീലിപ്പിക്കുന്നത്. അതൊരു സംസ്കാരമാണ്. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്ന ഒരാൾക്കും അതിൽ അശ്ലീലം തോന്നിയില്ല, അഥവാ തോന്നിയാൽത്തന്നെ നേതാക്കൾക്ക് ഇഷ്ടപ്പെട്ടാൽ ഗുഡ് ബുക്കിൽ കയറാമല്ലോ എന്നു കരുതിയാവുമല്ലോ അത് ചെയ്തത്. എന്ത് കമ്യൂണിസ്റ്റ് മൂല്യമാണ് ഇവർക്കുള്ളത്? പലരും ഇങ്ങനെ ചെയ്യുമ്പോൾ അതിനെ ശാസിക്കാതെ അത് ആസ്വദിക്കുന്ന നേതൃത്വം ആയിരിക്കുമല്ലോ അണികൾക്ക് ഇതിനു പ്രചോദനമായത്.
ആരാധിക്കുന്നവർക്ക് സ്ഥാനക്കയറ്റവും വെറുതെ ബഹുമാനിക്കുന്നവർക്ക് പരിഗണനക്കുറവും തുല്യരായി കാണുന്നവർക്ക് ഒതുക്കലും ആണ് കിട്ടുന്നതെങ്കിൽ ആ നേതൃത്വത്തിന്റെ മനസ്സറിഞ്ഞാവും അണികളുടെ പ്രവർത്തി. ഇങ്ങനെ പോയാൽ വൈകാതെ ഇവർ പിണറായി വിജയന്റെ പേരിൽ അമ്പലം ഉണ്ടാക്കുമെന്ന് കരുതുന്നു. ഈ അനുപാതരഹിത വ്യക്തിപൂജയുടെ നാണക്കേട് പോലും അണികൾക്കല്ല പാർട്ടിക്കും നേതാവിനുമാണ് എന്ന് ഇത് ചെയ്യുന്ന അണികളും ഓർത്താൽ കൊള്ളാം. ഒരാളെ ബഹുമാനിക്കുന്നതും ആരാധിക്കുന്നതും രണ്ടാണ്. രണ്ടാമത്തേത് യുക്തിരഹിതമാണ്. വ്യക്തിപൂജ അശ്ലീലമാണ്.
Post Your Comments