സംവിധായകന്‍ അലി അക്ബര്‍ ഇസ്‍ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതാചാര പ്രകാരം രാമസിംഹനായി. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുൻ നേതാവും ഹിന്ദു സേവാ കേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥാണ് അലി അക്ബര്‍ ഔദ്യോഗികമായി മതം മാറിയ വിവരം തന്റെ ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ‘ചരിത്രം ആവർത്തിക്കുന്നു, അലി അക്ബർ രാമസിംഹനായി’, എന്നാണ് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ എഴുതിയത്. പൂണൂലിട്ട് വെള്ള തുണിയും കാവി ഷാളും ധരിച്ച് അലി അക്ബര്‍ ഹോമ കുണ്ഡത്തിന് മുമ്പില്‍ ഇരിക്കുന്ന ചിത്രവും കുറിപ്പിന്‍റെ കൂടെ പങ്കുവെച്ചിട്ടുണ്ട്. ഭാര്യ ലൂസിയാമ്മയും അലി അക്ബറിന് കൂടെയുണ്ട്.
Also Read:ദുര്‍മന്ത്രവാദം നടത്തിയെന്ന് സംശയം: വയോധികയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി നാട്ടുകാര്‍
ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ നേരത്തെ താൻ ഇസ്ലാം മതം ഉപേക്ഷിക്കുകയാണെന്ന് വെളിപ്പെടുത്തിയത്. രാജ്യത്തിൻറെ സർവ്വസൈന്യാധിപൻ അപകടത്തിൽ പെട്ട് അന്തരിച്ചപ്പോൾ അതിനെതിരെ ചിരിക്കുകയും ആഘോഷിക്കുകയും ചെയ്ത ജിഹാദികൾക്കെതിരെ ഉള്ള തന്റെ പ്രതിഷേധമാണ് താൻ ഇസ്ലാം മതം ഉപേക്ഷിക്കാനുള്ള കാരണമെന്ന് അലി അക്ബർ പറഞ്ഞു. ഇന്ത്യൻ പ്രസിഡന്റിന്റെ തൊട്ടു താഴെയുള്ള സ്ഥാനമുള്ള സർവ്വസൈന്യാധിപൻ മരിച്ചപ്പോൾ ആഘോഷിച്ചവർ ഒരു പ്രത്യേക മതക്കാരാണെന്നും ആ മതത്തിൽ ഇനി താൻ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇനിമുതല്‍ താനും കുടുംബവും ഭാരതീയ സംസ്കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും ഇനി മുതല്‍ രാമസിംഹന്‍ എന്ന പേരിലായിരിക്കും താന്‍ അറിയപ്പെടുകയെന്നും അലി അക്ബര്‍ വ്യക്തമാക്കി. തന്‍റെ ഏറ്റവും പുതിയ സിനിമയായ ‘പുഴ മുതല്‍ പുഴ വരെ’-യില്‍ സംവിധായകന്‍റെ പേരിന് നേരെ പുതുതായി സ്വീകരിച്ച രാമസിംഹന്‍ എന്ന പേരാകും നല്‍കുകയെന്നും നിര്‍മാതാവിന്‍റെ ടൈറ്റിലില്‍ അലി അക്ബര്‍ എന്ന് തന്നെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments