ആലപ്പുഴ: നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭ ആരോഗ്യവിഭാഗം സ്ക്വാഡിന്റെ മിന്നൽ പരിശോധന. നഗരത്തിലെ നാല് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണവും ബേക്കറികളിൽനിന്ന് പഴകിയ പലഹാരങ്ങളും പിടിച്ചെടുത്തു.
തത്തംപള്ളി സൗപർണിക, ജില്ല കോടതി വാർഡ് ഹസീന, ആലുംചുവട് ജങ്ഷൻ ശ്രീമഹാദേവ, കിടങ്ങാംപറമ്പ് എ.വി.പി ട്രേഡേഴ്സ് എന്നീ ഹോട്ടലുകളിൽ നിന്ന് പഴകിയ ചോറ്, പൊറോട്ട, ചപ്പാത്തി, ദോശ, സാമ്പാർ, മീൻ, ഇറച്ചി, ഗോതമ്പ് പായസം, ബിരിയാണി, കക്കയിറച്ചി, ചിക്കൻകറി, ബീഫ് കറി, അൽഫാം, ചില്ലിചിക്കൻ എന്നിവയടക്കമുള്ള ഭക്ഷണസാധനങ്ങളാണ് പിടിച്ചെടുത്തത്.
നഗരത്തിലെ അഞ്ച് ബേക്കറികളിൽ നിന്നാണ് പഴകിയ പലഹാരങ്ങൾ പിടികൂടിയത്. ക്ലാസിക്, കളരിക്കൽ, കിടങ്ങാംപറമ്പ് എസ്.എൻ, സ്റ്റാച്യുവിന് സമീപത്തെ പ്രിയ ബേക്കറി, ഇന്ദിര ജങ്ഷന് സമീപത്തെ അറേബ്യൻ ഷേക്ക് കഫേ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തത്. ബേക്കറികളിൽ നിന്ന് പഴകിയ പാൽ, മാംഗോ ജ്യൂസ്, പീനട്ട് ബട്ടർ, കേക്ക്, മിക്സ്ചർ, ബൺ, ഷാർജ ഷേക്ക്, പഫ്സ്, ബ്രഡ് എന്നിവയാണ് പിടിച്ചെടുത്തത്.
ഹോട്ടലുകളിൽ വൃത്തിഹീനസാഹചര്യത്തിൽ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളും ബേക്കറികളിൽ നിന്ന് പിടികൂടിയ കാലഹരപ്പെട്ട പാലും പാക്കറ്റ് ഉൽപന്നങ്ങളും പിടികൂടി നശിപ്പിച്ചു. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടിച്ചെടുത്ത് പിഴയും ചുമത്തിയിട്ടുണ്ട്.
ഹെൽത്ത് ഇൻസ്പെക്ടർ ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ചൊവ്വാഴ്ച രാവിലെ 6.30 മുതൽ ഉച്ചവരെയാണ് പരിശോധന നടത്തിയത്. ജെ.എച്ച്.ഐമാരായ സി.വി. രഘു, ടെൻഷി സെബാസ്റ്റ്യൻ, ഗിരീഷ്, ശിവകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് നഗരസഭ അധ്യക്ഷ സൗമ്യരാജ്, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ബീന രമേശ് എന്നിവർ അറിയിച്ചു.
Post Your Comments