ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ റിട്ട. ജസ്റ്റിസ്. ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതിയെ നിയമിച്ച് സുപ്രീം കോടതി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ എന്താണ് സംഭവിച്ചതെന്നും, എങ്ങനെയാണ് സുരക്ഷാ വീഴ്ചയുണ്ടായതെന്നും കണ്ടെത്തി റിപ്പോർട്ട് നൽകേണ്ട ചുമതലയാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായുള്ള സമിതിക്ക് സുപ്രീം കോടതി നൽകിയിരിക്കുന്നത്.
ഒരു ഭാഗത്തിനെ അനുകൂലിച്ചു കൊണ്ടുള്ള അന്വേഷണമല്ല നടത്തേണ്ടതെന്നും, സ്വതന്ത്രാന്വേഷണമാണ് ഈ കേസിൽ വേണ്ടതെന്നും സുപ്രീം കോടതി നിർദേശിച്ചു. എൻഐഎ ഡയറക്ടർ ജനറൽ, ചണ്ഡീഗഢ് ഡിജിപി, പഞ്ചാബ് പൊലീസിൽ സുരക്ഷാച്ചുമതലയുള്ള എഡിജിപി, പഞ്ചാബ് റജിസ്ട്രാർ ജനറൽ, ഹരിയാന ഹൈക്കോടതിയിലെ ജഡ്ജിമാർ എന്നിവർ ഇന്ദു മൽഹോത്രയുടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
നേരത്തേ, ചീഫ് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായ ബഞ്ച്, കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് അവരുടെ അന്വേഷണം നിർത്തി വയ്ക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിൽ എസ്പിജി ആക്ടിന്റെ ലംഘനമാണ് നടന്നതെന്ന് കേന്ദ്രം കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, റോഡ് മാർഗം യാത്ര നടത്താൻ പ്രധാനമന്ത്രി തീരുമാനിച്ചതാണ് പ്രശ്നമുണ്ടാക്കിയതെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് ഇന്ദു മൽഹോത്ര അധ്യക്ഷയായ സമിതിയെ കേസ് അന്വേഷിക്കാൻ കോടതി നിയമിച്ചത്.
Post Your Comments