പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബിൽ വച്ച് കർഷകർ തടഞ്ഞ സംഭവത്തിനെതിരെ വിമർശനവുമായി രംഗത്ത് വന്ന ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിനെ അശ്ലീലച്ചുവയുള്ള തമാശയോടെ പരിഹസിച്ച നടൻ സിദ്ധാർത്ഥിന്റെ പോസ്റ്റ് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ദേശീയ വനിത കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും സിദ്ധാർഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ സൈനയോട് പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സിദ്ധാർഥ് ഇപ്പോൾ.
സൈനയെ ആക്രമിക്കണമെന്നോ, മോശമായ വാക്കുകൾ ഉപയോഗിക്കണമെന്നോ കരുതിയില്ലെന്നും തന്റെ ലക്ഷ്യം അതല്ലായിരുന്നുവെന്നും സിദ്ധാർഥ് ക്ഷാമാപണ കത്തിൽ വ്യക്തമാക്കുന്നു. പ്രിയപ്പെട്ട സൈന, എന്ന വിശേഷണത്തോടെയാണ് കത്തിന്റെ തുടക്കം. തമാശക്ക് പറഞ്ഞതാണെങ്കിലും അത് അത്ര തമാശ ആയിരുന്നില്ല എന്ന് മനസിലാക്കുന്നുവെന്നും താൻ ഉദ്ദേശിക്കാത്ത ഒരിടത്ത് ആ തമാശ ചെന്ന് നിന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും സിദ്ധാർഥ് കുറിച്ചു.
സിദ്ധാർഥ് സൈനയ്‌ക്കെഴുതിയ ക്ഷമാപണ കത്തിന്റെ പൂർണരൂപം:
‘പ്രിയപ്പെട്ട സൈന, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിങ്ങളുടെ ഒരു ട്വീറ്റിന് മറുപടിയായി ഞാൻ എഴുതിയ എന്റെ പരുഷമായ തമാശയ്ക്ക് നിങ്ങളോട് ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് നിങ്ങളോട് പല കാര്യങ്ങളിലും വിയോജിപ്പുണ്ടാകാം, പക്ഷേ നിങ്ങളുടെ ട്വീറ്റ് വായിച്ചപ്പോൾ എനിക്കുണ്ടായ നിരാശയോ ദേഷ്യമോ പോലും എന്റെ സ്വരത്തെയും വാക്കുകളെയും ന്യായീകരിക്കാൻ കഴിയില്ല. ഞാൻ പറഞ്ഞത് തമാശ ആണെങ്കിൽ കൂടി അത് വിശദീകരിക്കേണ്ട ബാധ്യത എനിക്കുണ്ട്. പക്ഷേ അത് അത്ര നല്ല തമാശയായിരുന്നില്ല. ഞാൻ ഉദ്ദേശിക്കാത്ത ഒരിടത്ത് ആ തമാശ ചെന്ന് നിന്നതിൽ ക്ഷമ ചോദിക്കുന്നു.
എന്നിരുന്നാലും, എന്റെ വാക്കുകൾക്കും ഞാൻ ഉദ്ദേശിച്ച തമാശയ്ക്കും മറ്റ് പലയിടങ്ങളിൽ നിന്നും ആളുകൾ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാൻ തറപ്പിച്ചു പറയുന്നു. ഞാൻ എന്നും ഫെമിനിസ്റ്റ് ചിന്താഗതിക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്, എന്റെ ട്വീറ്റുകളിലൊന്നും യാതൊരു വിധ ലിംഗഭേദവും ഉണ്ടാകാറില്ല, ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ ആക്രമിക്കാനുള്ള ലക്ഷ്യവും എനിക്കില്ലായിരുന്നു. നിങ്ങൾ ഈ കത്ത് സ്വീകരിക്കുമെന്നാണ് ഞാൻ കരുതുന്നത്. നിങ്ങൾ എന്നും എന്റെ ചാമ്പ്യനാണ്. വിശ്വസ്തതയോടെ സിദ്ധാർത്ഥ്’.
Dear @NSaina pic.twitter.com/plkqxVKVxY
— Siddharth (@Actor_Siddharth) January 11, 2022
Post Your Comments