Latest NewsKeralaIndia

കൊവിഡിന്റെ മറവിൽ എൻഎച്ച്എം കോർഡിനേറ്ററുടെ തട്ടിക്കൂട്ട് കമ്പനിക്ക് കിട്ടിയത് 5 കോടി, വാങ്ങിയത് ഫേസ്ഷീൽഡ്

കരാര്‍ ജീവനക്കാരനാണെങ്കിലും വര്‍ഷങ്ങളായി ആരോഗ്യവകുപ്പിന്‍റെ നിര്‍ണായക പദവികളിലാണ് അനൂപ് പി പൗലോസ്.

തിരുവനന്തപുരം: കൊവിഡിൻറെ മറവിൽ തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കി ഫേസ് ഷീൽഡ് വില്പനയിലൂടെ അഞ്ച് കോടി നേടിയെടുത്ത് നാഷനൽ ഹെൽത്ത് മിഷൻ ജില്ലാ കോർഡിനേറ്റർ. കെഎംഎസ്‍സിഎല്‍ മുന്‍ ജനറല്‍ മാനേജർ ദിലീപ് കുമാറിൻറെ അടുത്ത സുഹൃത്തും നിലവിൽ തൃശൂര്‍ എന്‍എച്ച്എം കോര്‍ഡിനേറ്ററുമായ അനൂപ് പി പൗലോസിന്‍റെ കമ്പനിയ്ക്ക് വൻ തുകക്കുള്ള കരാർ കിട്ടിയതിലാണ് ദുരൂഹത. വീടിനോട് ചേർന്നുളള്ള ഒരു താൽക്കാലിക ഷെഡ്ഡിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു .

കെഎംഎസ്‍സിഎല്‍ മുന്‍ ജനറല്‍ മാനേജര്‍ ഡോ ദിലീപ് കുമാര്‍ തൃശൂരില്‍ എന്‍ആര്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജറായിരിക്കെ പിആര്‍ഒ ആയിരുന്നു അനൂപ് പി പൗലോസ്. അനൂപിപ്പോള്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ ജില്ലാ കോര്‍ഡിനേറ്റർ എന്ന സുപ്രധാന തസ്തികയിൽ. കൊവിഡിന്‍റെ മറവില്‍ കെഎംഎസ്‍സിഎല്‍ തട്ടിക്കൂട്ട് കമ്പനികളില്‍ നിന്ന് കോടികളുടെ പര്‍ചേസ് നടത്തിയപ്പോള്‍ അനൂപിന്‍റെ കമ്പനിക്കും കിട്ടി അ‍ഞ്ച് കോടി രൂപയുടെ ഓര്‍ഡര്‍. കരാര്‍ ജീവനക്കാരനാണെങ്കിലും വര്‍ഷങ്ങളായി ആരോഗ്യവകുപ്പിന്‍റെ നിര്‍ണായക പദവികളിലാണ് അനൂപ് പി പൗലോസ്.

ഇതിനിടയിലാണ് കഴിഞ്ഞ മാസം അനൂപിന്‍റെ ഫേസ് ബുക്ക് വാളില്‍ ഒരു പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. 100 മാസ്കിന് വെറും 250 രൂപ. അന്വേഷിച്ചപ്പോള്‍ അനൂപിന്‍റെ വാട്സ്ആപ് സ്റ്റാറ്റസും ഇത് തന്നെ. ആമസോണ്‍ തപ്പി നോക്കിയപ്പോള്‍ അവിടെയും വില്‍ക്കാന്‍ വെച്ചിരിക്കുന്നത് ഇതേ മാസ്ക്. അപ്പോഴാണ് നിര്‍മാതാക്കളുടെ പേര് ആൻഡ്രിയ ട്രേഡേഴ്സ് എന്ന് കണ്ടെത്തിയത്. ഇയാളുടെ മകളുടെ പേരാണ് ആൻഡ്രിയ, അച്ഛന്റെ പേരിലാണ് രജിസ്ട്രേഷൻ ചെയ്തിരിക്കുന്നത്. കമ്പനി ഉണ്ടാക്കിയിരിക്കുന്നത് കൊവിഡിന്‍റെ ആദ്യഘട്ടമായ 2020 ആഗസ്റ്റ് മാസത്തിലും!

ഒരു ടെന്‍ഡറുമില്ലാതെ, തോന്നിയ പോലെ കോടികളുടെ ഇടപാട് തട്ടിക്കൂട്ട് കമ്പനികളുമായി നടത്തിയ കെഎംഎസ്‍സിഎല്‍ അനൂപിന്‍റെ ആന്‍‍ഡ്രിയ ട്രേ‍ഡേഴ്സിനും കൊടുത്തു ഓര്‍ഡര്‍. അഞ്ചു കോടി രൂപയുടെ പര്‍ചേസ് ഓര്‍ഡര്‍ കിട്ടിയ ഈ ആന്‍ഡ്രിയ ട്രേഡേഴ്സിന്‍റെ കെട്ടിടം അനൂപിന്‍റെ വീടിനോട് ചേര്‍ന്ന് ഒരു താല്‍ക്കാലിക ഷെഡ് ആണ്. ഈ ഷെഡ് വെച്ചാണ് ആന്‍‍ഡ്രിയ ട്രേഡേഴ്സ് എന്ന തട്ടിക്കൂട്ട് പ്രസ്ഥാനം അനുപ് തുടങ്ങിയതും വെറും ഒരു കൊല്ലം കൊണ്ട് 5 കോടി രൂപയുടെ കച്ചവടം നടത്തിയതും.

അനൂപിന്‍റെ ആന്‍ഡ്രിയ ട്രേഡേഴ്സിന് 5 കോടി രൂപയുടെ ഓര്‍ഡര്‍ കൊടുത്തത് കെഎംഎസ്‍സിഎല്‍ മുന്‍ ജനറല്‍ മാനേജര്‍ ഡോ ദിലീപ് കുമാര്‍. ദിലീപ് കുമാറും അനൂപും അടുത്ത സുഹൃത്തുക്കള്‍ ആണെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ചാനൽ പറയുന്നു.

shortlink

Post Your Comments


Back to top button