റിയാദ്: പ്രവാചകന് മുഹമ്മദിന്റെ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി പുരുഷന്മാര്ക്ക് മാത്രം നല്‍കാനൊരുങ്ങി സൗദി ഭരണകൂടം. ഇനി മുതല്‍ സ്ത്രീകളെ ഖബറിടം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നാണ് പുതിയ തീരുമാനം. ഇത്മാര്നാ എന്ന ആപ്പ് വഴിയാണ് മദീനയിലെ പ്രവാചകന്റെ ഖബറിടം സന്ദര്‍ശിക്കാനായി ബുക്ക് ചെയ്യേണ്ടത്. സൗദിയിലെ പ്രാദേശിക ദിനപത്രമാണ് ഞായറാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സ്ത്രീകള്‍ക്ക് ഇനിമുതല്‍ ഖബറിടം സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കില്ല. എന്നാല്‍ ഖബറിടം ഉള്‍ക്കൊള്ളുന്ന പള്ളി സ്ത്രീകള്‍ക്ക് സന്ദര്‍ശിക്കാമെന്നും പള്ളിയിലുള്ളപ്പോള്‍ ഓണ്‍സൈറ്റ് റിസര്‍വേഷന്‍ രീതിയിലൂടെ ഇവര്‍ക്ക് മറ്റുള്ളവര്‍ക്ക് (പുരുഷന്മാര്ക്ക്) വേണ്ടി ഖബറിടസന്ദര്ശനം ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രവാചകന്റെ ഖബറിടം സ്ഥിതി ചെയ്യുന്ന അല്‍ റവ്ദ അല്‍ ഷരീഫ സന്ദര്‍ശിക്കുന്നതിനുള്ള ഓരോ അനുമതിയും ലഭിക്കുന്നതിന് ഹജ് ആന്‍ഡ് ഉംറ മന്ത്രാലയം 30 ദിവസത്തെ ഇടവേള നിശ്ചയിച്ചിട്ടുണ്ട്. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് 30 ദിവസത്തിലൊരിക്കല്‍ മാത്രം സന്ദര്‍ശനമെന്ന നിബന്ധന നിശ്ചയിച്ചിരിക്കുന്നത്. ഖബറിടത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന് പ്രത്യേകം സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍ അല്‍ റവ്ദ അല്‍ ഷരീഫയില്‍ പ്രാര്‍ത്ഥിക്കുന്നതിന് ഇത്മാര്നാ ആപ്പ് വഴി പ്രത്യേകം റിസര്‍വേഷന്‍ ചെയ്യേണ്ടതുണ്ട്.
സന്ദര്‍ശനത്തിനുള്ള അനുമതിക്ക് വേണ്ടി അപേക്ഷിക്കുന്നവര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. ആരോഗ്യ ആപ്പ് തവാക്കല്‍നാ വഴി വാക്സിന് സ്വീകരിച്ചതിന്റെ സ്റ്റാറ്റസ് കാണിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സൗദിയില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 3000 പിന്നിടുന്ന സ്ഥിതിയാണ്.
Post Your Comments