Latest NewsInternational

അഫ്ഗാനിൽ വെച്ച് യുഎസ് സൈന്യത്തിന് എറിഞ്ഞ് നൽകിയ കുഞ്ഞിനെ ഒടുവിൽ കണ്ടെത്തി

കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ മിർസയും സുരയ്യയും നാല് സഹോദരങ്ങളുമടങ്ങുന്ന കുടുംബം അമേരിക്കയിലേക്ക് പറക്കുകയും ചെയ്തു.

കാബൂൾ: യുഎസ് സൈന്യം പിൻവാങ്ങിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചതോടെ അഫ്ഗാൻ സ്വദേശികൾക്ക് നഷ്ടമായ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മാതാപിതാക്കളുടെ കൈകളിലേക്ക്. നിലവിൽ അഫ്ഗാനിസ്ഥാനിലുള്ള കുഞ്ഞിനെ അമേരിക്കയിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കുടുംബം.2020 ഓഗസ്റ്റ് 19നാണ് രണ്ട് മാസം മാത്രം പ്രായമുള്ള സൊഹൈൽ അഹമ്മദിയെ മാതാപിതാക്കളായ മിർസ അലി അഹമ്മദിനും ഭാര്യ സുരയ്യയ്ക്കും നഷ്ടമായത്. താലിബാൻ അധികാരം പിടിച്ചതോടെ രാജ്യം വിടാൻ കാബൂൾ വിമാനത്താവളത്തിലേക്ക് എത്തിയ ആയിരക്കണക്കിനാളുകളിൽ യുഎസ് നയതന്ത്രകാര്യാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന മിർസയും ഉണ്ടായിരുന്നു.

വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ ആളുകൾ ബഹളം വെച്ചതോടെ വിമാനത്താവളത്തിലെ മുള്ളുവേലിക്ക് മുകളിലൂടെ അമേരിക്കൻ സൈനികർക്ക് കുട്ടിയെ എറിഞ്ഞ് നൽകുകയായിരുന്നു. പ്രവേശന കവാടത്തിലേക്ക് ഉടന്‍ എത്തുമെന്ന് കരുതിയായിരുന്നു അവര്‍ കുഞ്ഞിനെ സൈനികന് കൈമാറിയത്. എന്നാൽ, വിമാനത്താവളത്തിൽ പ്രവേശിച്ച മാതാപിതാക്കൾക്ക് കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ മിർസയും സുരയ്യയും നാല് സഹോദരങ്ങളുമടങ്ങുന്ന കുടുംബം അമേരിക്കയിലേക്ക് പറക്കുകയും ചെയ്തു.

യുഎസിൽ എത്തിയ ശേഷം കുഞ്ഞിനായി കുടുംബം അന്വേഷണം തുടർന്നു. മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി യുഎസ് എംബസിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തുവന്നിരുന്ന മിര്‍സ അലി കുഞ്ഞിനെ കുറിച്ച് അന്വേഷിക്കാത്ത ഇടമില്ല, ഉദ്യോഗസ്ഥരുമില്ല. വിമാനത്താവളം കുട്ടികള്‍ക്ക് അപകടകരമാകുമെന്നു കണ്ട് കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഇടങ്ങളില്‍ കുഞ്ഞ് സുഹൈലിനെ കൊണ്ട് പോയിരിക്കാമെന്നാണ് ഒരു സൈനിക കമാന്‍ഡര്‍ തന്നോട് പറഞ്ഞതെന്ന് മിര്‍സ അലി മുൻപ് വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ കുഞ്ഞിനെ കാണാതായ സംഭവം വ്യക്തമാക്കിക്കൊണ്ട് ചിത്രം സഹിതം റോയിട്ടേഴ്സ് വാർത്ത നൽകിയതോടെയാണ് കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങൾ മിർസയ്ക്കും കുടുംബത്തിനും ലഭിച്ചു. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ടാക്സി ഡ്രൈവറായ ഹമീദ് സഫിയുടെ വീട്ടിൽ കുഞ്ഞുണ്ടെന്ന് അറിഞ്ഞതോടെ സൊഹൈലിന്റെ മുത്തച്ഛൻ കുട്ടിയെ കണ്ടെത്തി. കുട്ടിയെ വിട്ടുതരാൻ കഴിയില്ലെന്ന് സഫി വ്യക്തമാക്കിയെങ്കിലും താലിബാൻ പോലീസ് വിഷയത്തിൽ ഇടപെട്ടു. തന്നെയും കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടു പോകണമെന്ന നിബന്ധനയാണ് സഫി മുന്നോട്ട് വെച്ചത്. മിർസയും കുടുംബവും ആവശ്യം അംഗീകരിച്ചതോടെ സഫി കുട്ടിയെ മുത്തച്ഛന് കൈമാറി.

അഫ്ഗാനിസ്ഥാനിൽ നിന്നും സൊഹൈലിനെ ഉടൻ തന്നെ അമേരിക്കയിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കൾ. നിലവിൽ യുഎസ് മിഷിഗണിലെ ഒരു അപ്പാർട്ട്മെൻ്റിലാണ് മിർസ അലിയും കുടുംബവും കഴിയുന്നത്.വിമാനത്താവളത്തിൽ നിന്നാണ് കുട്ടിയെ തനിക്ക് ലഭിച്ചതെന്ന് സഫി പറഞ്ഞു. ‘ഒപ്പം ആരുമില്ലാതെ കരയുന്ന കുട്ടിയെ വിമാനത്താവളത്തിൽ വെച്ചാണ് കണ്ടത്. മാതാപിതാക്കളെ കണ്ടെത്തി കുഞ്ഞിനെ തിരികെ നൽകാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെ കുഞ്ഞിനെ സ്വന്തം മകനായി വളർത്താൻ തീരുമാനിക്കുകയായിരുന്നു’ – എന്നും അദ്ദേഹം പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button