ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് വിദ്യാർത്ഥികൾ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് പ്രധാനമന്ത്രിക്ക് കത്ത് എഴുതിയത്. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ പ്രധാനമന്ത്രി മൗനം പാലിക്കുന്നത് അവരെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് കത്തിൽ പറയുന്നു.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ഹിന്ദുത്വ സംഘടനകളും സന്ന്യാസിമാരും സംഘടിപ്പിച്ച മതപാർലമെന്റിൽ വംശഹത്യക്ക് ആഹ്വാനം ചെയ്ത സംഭവം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മതവിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കുള്ള ആഹ്വാനങ്ങളും ജാതിയടിസ്ഥാനത്തിലുള്ള ആക്രമണങ്ങളും അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇവർ കത്തയച്ചത്.
ഏത് മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. നിലവിലിപ്പോൾ ഭീതിയുടെ അന്തരീക്ഷമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് കത്തിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ, പ്രധാനമന്ത്രി മൗനം വെടിഞ്ഞ് ഇവർക്കെതിരെ പ്രതികരിക്കണമെന്നാണ് വിദ്യാർത്ഥികൾ കത്തിലൂടെ ആവശ്യപ്പെടുന്നത്.
Post Your Comments