
കയ്പമംഗലം: വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത സംഘം പിടിയിലായതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കയ്പമംഗലം തായ്നഗര്‍ സ്വദേശി പുതിയ വീട്ടില്‍ അബ്ദുള്‍ സലാം, ചേറ്റുവ സ്വദേശി അമ്പലത്ത് വീട്ടില്‍ അഷ്റഫ്, വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടില്‍ റഫീക്ക് എന്നിവരാണ് പിടിയിലായത്. വീട്ടമ്മയില്‍ നിന്ന് 65 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയുമാണ് പ്രതികള്‍ തട്ടിയെടുത്തത്.
നടി ഷംന കാസിമിന്റെ കയ്യില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച കേസിലെയും പ്രതികളാണ് ഇവര്‍. പ്രവാസിമാരുടെ ഭാര്യമാരെ ലക്ഷ്യമിട്ടാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ആദ്യം സ്ത്രീകള്‍ക്ക് മിസ്ഡ് കോള്‍ അടിക്കും. തിരിച്ചുവിളിക്കുന്നവരാണ് കെണിയില്‍പ്പെടുക. വീട്ടമ്മമാരോട് ഡോക്ടര്‍, എന്‍ജിനീയര്‍ എന്നൊക്കെ പറഞ്ഞ് വളരെ മാന്യമായിട്ടാണ് പെരുമാറുക.
സൗഹൃദം സ്ഥാപിച്ച ശേഷം, പതിയെ പണവും സ്വര്‍ണാഭരണങ്ങളും കടം ചോദിക്കും. തങ്ങളിലുള്ള വിശ്വാസം കൂട്ടാനായി അച്ഛന്‍, ബാപ്പ, അപ്പൂപ്പന്‍ സഹോദരങ്ങള്‍ തുടങ്ങിയവരെ ഇവര്‍ പരിചയപ്പെടുത്തുകയും ചെയ്യും. ഫോട്ടോ അയച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ആരുടെയെങ്കിലും സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ അയച്ചുകൊടുക്കും.
പണവും സ്വര്‍ണവും കിട്ടിയാല്‍ ഉടന്‍ സ്ഥലംവിടുകയും ചെയ്യും. ഈ സ്വര്‍ണം വിവിധ ഇടങ്ങളില്‍ പണയംവച്ചു വീതിച്ചെടുക്കും. ഇതിനിടെ കടംനല്‍കിയ പണവും സ്വര്‍ണവും തിരിച്ചു ചോദിച്ചാല്‍ മൊബൈല്‍ ഓഫ് ചെയ്തു മുങ്ങുന്നതാണ് ഇവരുടെ പതിവ്. നാണക്കേട് മൂലം പലരും പുറത്തുപറയാറില്ല.
Post Your Comments