ദില്ലി: പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ചയില്‍ ഇടപെട്ട് സുപ്രീം കോടതി. അദ്ദേഹത്തിന്റെ യാത്രാ രേഖകള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി. പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോടാണ് ഇക്കാര്യം സുപ്രീം കടതി നിര്‍ദേശിച്ചത്. എല്ലാ രേഖകളും സുരക്ഷിതമായി കൈവശം വെക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പഞ്ചാബ് പോലീസിനോടും എസ്പിജിയോടും കേന്ദ്ര-സംസ്ഥാന ഏജന്‍സികളോടും സഹകരിക്കാനും ആവശ്യമായ സഹായം നല്‍കാനും കോടതി നിര്‍ദേശിച്ചിരിക്കുകയാണ്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ സുരക്ഷാ വീഴ്ച്ചയാണ് ഇതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ നാണക്കേടുണ്ടാക്കിയെന്നും കേന്ദ്രം പറയുന്നു.പഞ്ചാബ് സര്‍ക്കാരിനോട് വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതിന് പിന്നാലെ പ്രത്യേക സമിതിയെ വിഷയം പരിശോധിക്കാന്‍ നിയമിച്ചു. കര്‍ഷകര്‍ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു.
എന്നിട്ടും വേണ്ട സുരക്ഷ ഒരുക്കിയില്ല എന്നാണ് ആക്ഷേപം.വിവിഐപികള്‍ എത്തിയാല്‍ സുരക്ഷ ഒരുക്കേണ്ട ബാധ്യത സംസ്ഥാന പോലീസിനുണ്ട്. ഇതില്‍ പാളിച്ച വരുത്തി എന്നതാണ് പഞ്ചാബ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം.പഞ്ചാബിന്റെ വിശദീകരണം സ്വീകാര്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
സുരക്ഷാ വീഴ്ചയില്‍ ആശങ്ക പ്രകടിപ്പിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി മോദിയെ കണ്ടു . ഫ്‌ലൈഓവറില്‍ കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിശദീകരണം നല്‍കി. സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷിക്കുന്നതിനായി പഞ്ചാബ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ രാഷ്ട്രീയ അലംഭാവം തുടരുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments