ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയുണ്ടായത് വധശ്രമമാണെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികളാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മോദിയെ വധിക്കുകയെന്ന ലക്ഷ്യമാണ് ഖാലിസ്ഥാനികൾക്ക് ഉണ്ടായിരുന്നത്. ഇത് വ്യക്തമാക്കുന്ന ആനിമേഷൻ വീഡിയോ 2021 ജനുവരി 2 ന് ഖാലിസ്ഥാനികൾ പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ ദിവസം പഞ്ചാബിൽ പ്രധാനമന്ത്രിക്ക് നേരെയുണ്ടായ സുരക്ഷാ വീഴ്ചയുടെ സമാനമായ ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുക. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ കുറേയധികം ആളുകൾ ട്രാക്ടറുകളും മറ്റുമായി വന്ന് തടയുന്നതും വാഹനത്തിൽ നിന്ന് പ്രധാനമന്ത്രി ഇറങ്ങുന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്നും ഓടി പോകുന്നതുമാണ് വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഇവർക്ക് പിന്നാലെ രക്ഷപ്പെടാൻ നോക്കുന്ന മോദിയെ ആളുകൾ വടിയും ആയുധങ്ങളും കൊണ്ട് വളയുന്നതും പിന്നീട് രക്തം തളം കെട്ടി നിൽക്കുന്ന ദൃശ്യവുമാണ് വീഡിയോയിൽ കാണുന്നത്.
ഖാലിസ്ഥാൻ തീവ്രവാദികൾ പല സാഹചര്യങ്ങളിലും പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ട്. സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി വാദിച്ചിരുന്നു. എന്നാൽ, പോലീസ് സഞ്ചരിക്കുന്ന വഴി പഞ്ചാബ് പോലീസിലെ ഉദ്യോഗസ്ഥർ തന്നെ അക്രമികൾക്ക് ചോർത്തി നൽകിയെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. സംഭവിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് സുപ്രീം കോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുരക്ഷാ ഏജൻസികൾ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments