Latest NewsNewsIndia

രാജ്യത്തെ നിയമ സംവിധാനത്തെ പൊളിച്ചെഴുതാന്‍ തയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്തെ നിയമ സംവിധാനത്തില്‍ വലിയ മാറ്റം കൊണ്ടുവരാനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയില്‍ അനിവാര്യമായ മാറ്റങ്ങള്‍ വരുത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് എംപിമാരില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ തേടി ആഭ്യന്തര മന്ത്രാലയം കത്തയച്ചു.

രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നത്. നിലവിലെ ചില കാലഹരണപ്പെട്ട നിയമങ്ങള്‍ മൂലം താഴെക്കിടയിലുള്ള ഒരു വിഭാഗം ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാകുന്നില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നത്. പ്രധാനമായും ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാവര്‍ക്കും ഒപ്പം വികസനം എന്ന മന്ത്രത്തില്‍ അധിഷ്ഠിതമായാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് ആഭ്യന്തര മന്ത്രി എംപിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും, പ്രധാനമായും താഴെക്കിടയിലുള്ള ആളുകള്‍ക്ക് നീതി ഉടന്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പ്രധാനമായും ക്രിമിനല്‍ നിയമങ്ങളിലാണ് ഭേദഗതിവേണ്ടതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.

എംപിമാര്‍ക്ക് പുറമേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ അഡ്മിനിസ്ട്രേററ്റര്‍മാര്‍, ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button