അൽമാട്ടി: കസാഖ്സ്ഥാനിൽ സർക്കാരും ജനങ്ങളും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിൽ ഡസൻ കണക്കിന് പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ട്. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ജനങ്ങൾ കൊല്ലപ്പെട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
അക്രമാസക്തരായ ജനങ്ങൾ സർക്കാർ ഓഫീസുകളിലേക്ക് ഇരച്ചു കയറാൻ ആരംഭിച്ചതോടെ, സുരക്ഷാ ഉദ്യോഗസ്ഥർക്ക് വെടിയുതിർക്കേണ്ടി വന്നുവെന്ന് പൊലീസ് വക്താവ് സൽത്താനത്ത് അസിർബേക് പറയുന്നു. അൽമാട്ടി പോലീസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളിൽ പോലും പ്രക്ഷോഭകർ അതിക്രമിച്ചു കയറിയതോടെ പൊലീസുകാർ തുരുതുരാ നിറയൊഴിക്കുകയായിരുന്നു.
ഡസൻകണക്കിന് ആക്രമികൾ കൊല്ലപ്പെട്ടുവെന്നും ഔദ്യോഗിക വക്താവ് സ്ഥിരീകരിക്കുന്നുണ്ട്. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ. കലാപകാരികളുടെ ആക്രമണത്തിൽ പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. എട്ടോളം സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുൻ സോവിയറ്റ് രാജ്യങ്ങളിൽ, മധ്യേഷ്യയിൽ വെച്ച് ഏറ്റവും സുസ്ഥിര ഭരണം നയിച്ചിരുന്ന രാജ്യമാണ് കസാഖ്സ്ഥാൻ. അതുകൊണ്ടു തന്നെ, ഇവിടത്തെ ആഭ്യന്തര കലാപം ലോകശ്രദ്ധയാകർഷിക്കുന്നുണ്ട്.
Post Your Comments