പാരീസ്: കോവിഡ് വാക്സിനെടുക്കാൻ വിസമ്മതിക്കുന്നവർക്ക് എട്ടിന്റെ പണി നൽകുമെന്ന് നാടൻ ശൈലിയിൽ പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ. അദ്ദേഹത്തിന്റെ ഈ സംസാരം വളരെ തരംതാഴ്ന്നതാണെന്നും പ്രസിഡന്റ് ഓഫിസിന് യോജിക്കുന്നതല്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളും വിമർശകരും രംഗത്തു വന്നിട്ടുണ്ട്.
ഫ്രാൻസിലെ പ്രമുഖ ദിനപത്രമായ ലെ പാഴ്സിയനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരത്തിൽ ഞെട്ടിക്കുന്ന ഒരു പ്രയോഗം നടത്തിയത്. കുത്തിവെയ്പെടുക്കാത്തവർ മൂലം മഹാമാരി നിയന്ത്രിക്കാൻ വളരെ വലിയ കഷ്ടപ്പാടുകൾ ഉണ്ടാകുന്നെന്നും, അക്കാര്യം മനസ്സിലാക്കാതെ വാക്സിനെടുക്കാൻ വിസമ്മതിക്കുന്നവരെ അങ്ങേയറ്റം കഷ്ടപ്പെടുത്താൻ തന്നെയാണ് തന്റെ സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മക്രോൺ തുറന്നടിച്ചു.
കർശനമായ നിയന്ത്രണങ്ങളാണ് കോവിഡ് നിയന്ത്രണത്തിനായി ഫ്രാൻസ് ഏർപ്പെടുത്തിയിരിക്കുന്നത്. റസ്റ്റോറന്റ്, കഫേ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കയറണമെങ്കിൽ വാക്സിൻ എടുക്കണം. അല്ലെങ്കിൽ നെഗറ്റീവ് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് കയ്യിൽ വേണം. ഇതു കൊണ്ടൊന്നും കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാത്തവരെ അതിന്റേതായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും മക്രോൺ പറഞ്ഞു.
Post Your Comments