തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു. ശിവശങ്കറിന്റെ തസ്തിക സംബന്ധിച്ച തീരുമാനം പിന്നീട് അറിയിക്കും.
ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ ഉണ്ടായിരുന്നു. പുതിയ കേസുകൾ ഒന്നും നിലവിലില്ലെന്നും ഒന്നര വർഷമായി സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനെ സർവ്വീസിൽ തിരിച്ചെടുക്കുന്നതിന് നിലവിലെ അന്വേഷണങ്ങൾ തടസ്സമാകില്ലെന്നും സമിതി ശുപാർശ ചെയ്തു.
ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും അനുകൂല തീരുമാനമെടുക്കുകയായിരുന്നു. ഇതോടെയാണ് ശിവശങ്കറിന് വീണ്ടും സർവ്വീസിലേക്ക് തിരികെ എത്തുന്നതിനുള്ള വഴി തെളിഞ്ഞത്. നയതന്ത്ര സ്വർണക്കടത്തിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് സസ്പെൻഷനിലായ ശിവശങ്കർ ഒരു വർഷത്തിനും അഞ്ച് മാസത്തിനും ശേഷമാണ് സർവ്വീസിൽ തിരികെ എത്തുന്നത്.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം പുറത്തുവന്നതോടെ 2019ലാണ് എം. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ലൈഫ് മിഷൻ അഴിമതിക്കേസിലും പ്രതിപ്പട്ടികയിൽ ചേർക്കപ്പെട്ട ശിവശങ്കറിന് 98 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
Post Your Comments