തൊടുപുഴ: കേരള പോലീസിലെ അനസ് എന്ന പോലീസുകാരന്റെ ചാരവൃത്തിക്ക് ഇരയായത് സംഘപരിവാർ നേതാക്കൾ മാത്രമല്ല മറ്റു നിരവധി പേരെന്ന് റിപ്പോർട്ട്. പോലീസുകാരും, കോൺഗ്രസ്, സിപിഎം നേതാക്കളും വരെ തൊടുപുഴയിലെ പി.കെ അനസിന്റെ നേതൃത്വത്തിലുളള പോലീസിലെ സ്ലീപ്പർ സെല്ലിന്റെ ചാരവൃത്തിക്ക് ഇരകളായിട്ടുണ്ടെന്നാണ് വിവരം. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കൾക്ക് പോലീസിന്റെ ഡാറ്റാബേസിൽ നിന്നുളള വിവരങ്ങൾ മൊബൈൽ ഫോൺ വഴി ചോർത്തി നൽകിയതിനാണ് കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ അനസ് പി.കെ സസ്‌പെൻഷനിലായത്.
ഒരു കേസിൽ പിടിയിലായ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളെക്കുറിച്ചുളള അന്വേഷണത്തിലാണ് ഇക്കാര്യം ഉന്നത പോലീസ് ഉദ്യോഗസ്ഥർ പിടികൂടിയത്. തുടർന്നാണ് പോലീസ് ആസ്ഥാനത്തേക്ക് വിവരം കൈമാറുകയും തിടുക്കപ്പെട്ട് അനസിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തത്. അനസിന്റെ ചാരപ്പണി പുറത്തുവന്നതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ടാർഗറ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ പട്ടിക വിപുലമാണെന്ന് കണ്ടത്. പോലീസിലുള്ള ഹൈന്ദവ വിശ്വാസികളുടെയും ക്ഷേത്രാചാരങ്ങളിൽ പങ്കെടുക്കുന്നവരുടെയും വിശദമായ പട്ടിക അനസ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കൈമാറിയിട്ടുണ്ട്.
ഇവർ ഇപ്പോൾ ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനുകളുടെ വിവരങ്ങൾ അടക്കമാണ് കൈമാറിയിരിക്കുന്നത്. മാത്രമല്ല സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സംസ്ഥാന നേതാക്കളുടെയും അവരുടെ അടുത്ത അനുയായികളുടെയും വിവരങ്ങളും ഇത്തരത്തിൽ ചോർത്തി നൽകിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും എതിർക്കുന്നവരാണ് ഇവരിൽ അധികവും. കോൺഗ്രസ്, സിപിഎം നേതാക്കളുടെ വിശദമായ വിവരങ്ങളും വീട്ടിലേക്കുളള വഴിയും വീട്ടുകാരുടെ വിവരങ്ങളും മക്കളുടെ പേരും സഹിതമാണ് ചോർത്തിയിരിക്കുന്നത് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തൽക്കാലത്തേക്ക് അവസാനിപ്പിക്കാൻ കൂടിയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അനസിനെ സസ്‌പെൻഡ് ചെയ്തതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. ഇതിന് പിന്നാലെ പോലീസിനുളളിൽ ഇത്തരം ചാരൻമാർക്കെതിരെ ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകിക്കഴിഞ്ഞു. അതേസമയം വിവരം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ ബിജെപി നേതാക്കൾ എത്തിക്കുമെന്നും സൂചനയുണ്ട്.
Post Your Comments