COVID 19Latest NewsKeralaNewsIndia

കേന്ദ്രത്തിന്റെ സദ്ഭരണ സൂചികയിൽ കേരളം അഞ്ചാമത് എന്ന മുഖ്യമന്ത്രിയുടെ ‘സ്വയം പ്രശംസ’ പൊളിച്ചടുക്കി ശ്രീജിത്ത് പണിക്കർ

കേന്ദ്രത്തിന്റെ സദ്ഭരണ സൂചികയിൽ കേരളം അഞ്ചാമത് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്കിലും ട്വിറ്ററിലും സ്വന്തം ഭരണത്തെ സ്വയം പ്രശംസിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. വാണിജ്യ-വ്യവസായ മേഖലയിൽ കൃത്യമായ മുന്നേറ്റം രേഖപ്പെടുത്തിയ കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസ് സ്കോർ ഉയർത്തി, കേന്ദ്രത്തിന്റെ സദ്ഭരണ സൂചികയിൽ കേരളം അഞ്ചാമത് തുടങ്ങിയ മുഖ്യമന്ത്രിയുടെ അവകാശവാദങ്ങളെ ശ്രീജിത്ത് പണിക്കർ പൊളിച്ചടുക്കുന്നുണ്ട്. വികസനത്തിൽ നിർണ്ണായകമായ മറ്റനേകം സൂചികകളിൽ കേരളം ഏറ്റവും പിന്നിലാണ്. കാർഷികമേഖല, അടിസ്ഥാനസൗകര്യ വികസനം എന്നീ സൂചികകളിൽ നമ്മളാണ് ലാസ്റ്റിൽ നിന്ന് ഫസ്റ്റ്. വാണിജ്യ-വ്യവസായ മേഖല, സാമ്പത്തികമേഖല എന്നിവയിൽ ലാസ്റ്റിൽ നിന്ന് സെക്കൻഡ് ആണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീജിത്ത് പണിക്കർ, അതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് വേണ്ടേ എന്നും ചോദിക്കുന്നുണ്ട്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഒരു ചെറിയ വലിയ പൊളിച്ചടുക്കൽ. കേന്ദ്രത്തിന്റെ സദ്ഭരണ സൂചികയിൽ കേരളം അഞ്ചാമത് എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഫേസ്ബുക്കിലും ട്വിറ്ററിലും സ്വന്തം ഭരണത്തെ സ്വയം പ്രശംസിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ അവകാശവാദങ്ങളുടെ വാസ്തവമെന്ത് എന്നൊന്ന് നോക്കണ്ടേ?

[1] മുഖ്യമന്ത്രിയുടെ അവകാശവാദം: കേന്ദ്രത്തിന്റെ സദ്ഭരണ സൂചികയിൽ കേരളം അഞ്ചാമത്.

കേട്ടാൽ തോന്നുന്നത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്നുള്ള 36 ഭരണപ്രവിശ്യകളിൽ കേരളത്തിന് അഞ്ചാം സ്ഥാനം എന്നാണ്. മൊത്തത്തിലുള്ള റേറ്റിങ് നോക്കിയാൽ ഇത് ശരിയാണു താനും. എന്നാൽ റിപ്പോർട്ടിന്റെ സെക്ഷൻ 2.7ൽ പറയുന്നത് ഭരണപ്രവിശ്യകളെ ഒരുപോലെയല്ല പരിഗണിച്ചത് എന്നാണ്. അവയുടെ വലിപ്പം, ഭൂഘടന, ഭരണസംവിധാനം, ജനസംഖ്യ, പുരോഗതി, സാമ്പത്തികസ്ഥിതി, അടിസ്ഥാന വികസനം എന്നിവയുടെ അടിസ്ഥാനത്തിൽ യുക്തി, നീതി, തുല്യത എന്നിവ ഉറപ്പാക്കാൻ നാല് ഗ്രൂപ്പുകളായി തിരിക്കുന്നു എന്നാണ്. ഓരോ ഗ്രൂപ്പിലെയും ഭരണപ്രവിശ്യകൾ തമ്മിലാണ് താരതമ്യം. അല്ലാതെ ഗ്രൂപ്പുകൾ തമ്മിലോ മൊത്തത്തിലോ അല്ല. ചുരുക്കത്തിൽ 36 ഭരണപ്രവിശ്യകളിൽ അഞ്ചാമതാണ് കേരളം എന്നുപറയുന്നത് ശരിയല്ല. 10 സംസ്ഥാനങ്ങൾ ഉൾപ്പെട്ട കേരളത്തിന്റെ ഗ്രൂപ്പിൽ നാം അഞ്ചാമതാണ് എന്നാണ് പറയേണ്ടത്. അതായത് ഗ്രൂപ്പിലെ ശരാശരിക്കാരൻ മാത്രം. ഒന്നാമൻ ഗുജറാത്ത്. രണ്ടാമൻ മഹാരാഷ്ട്ര. മൂന്നാമൻ ഗോവ. നാലാമൻ ഹരിയാന. പിന്നെ കേരളം.

Also Read:അനീഷിനെ കൊന്നത് മുൻവൈരാഗ്യം മൂലമെന്ന് പ്രതിയുടെ കുറ്റസമ്മതം

[2] മുഖ്യമന്ത്രിയുടെ അവകാശവാദം: വാണിജ്യ-വ്യവസായ മേഖലയിൽ കൃത്യമായ മുന്നേറ്റം രേഖപ്പെടുത്തിയ കേരളം ഈസ് ഓഫ് ഡൂയിങ് ബിസിനസ് സ്കോർ ഉയർത്തി.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് സ്‌കോർ 44 ശതമാനത്തിൽ നിന്ന് 85 ശതമാനത്തിലേക്ക് ഏതാണ്ട് ഇരട്ടി വളർച്ച നേടിയിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ അതുമാത്രമല്ല കാണേണ്ടത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് എന്ന സൂചകത്തിൽ സ്വന്തം ഗ്രൂപ്പിൽ കേരളം ലാസ്റ്റിൽ നിന്ന് ഫസ്റ്റാണ്. പത്തുപേരിൽ പത്താമത്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് ഒരു സൂചകമായ വാണിജ്യ-വ്യവസായ മേഖലയിൽ നമ്മൾ ലാസ്റ്റിൽ നിന്ന് സെക്കന്റാണ്. പത്തിൽ ഒൻപതാമത്. അതെങ്ങനെ ‘കൃത്യമായ കുതിപ്പ്’ ആകും?

[3] മുഖ്യമന്ത്രിയുടെ അവകാശവാദം: കേരളവും പഞ്ചാബുമാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ ഏറ്റവും വലിയ വളർച്ച കൈവരിച്ചത്.

പ്രസ്താവന സത്യമാണ്. എന്നാൽ അതിലും കൂടുതൽ കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. കേരളത്തിന്റെ ഗ്രൂപ്പിലെ ഗുജറാത്ത്, ഹരിയാന, കർണാടക, ആന്ധ്രാപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ 100% വളർച്ച നേടിക്കഴിഞ്ഞു. മഹാരാഷ്ട്രയും തെലങ്കാനയും ആകട്ടെ 99% വളർച്ചയും നേടിക്കഴിഞ്ഞു. 94% നേടിയ തമിഴ്നാടിനു പിന്നിൽ ഉള്ളത് 91% നേടിയ ഗോവയാണ്. നമ്മൾ ഏറ്റവും ലാസ്റ്റിൽ. മറ്റുള്ളവരിൽ പലർക്കും നേരത്തെയും 95-96% ഒക്കെയായിരുന്നു വളർച്ച. അത് നൂറിലേക്ക് എത്താൻ ചെറിയ വ്യത്യാസം മതി. എന്നാൽ നമ്മുടേത് വെറും 44 ശതമാനം ആയിരുന്നതുകൊണ്ടാണ് വളർച്ച വലുതായി തോന്നുന്നത്. ക്ലാസിലെ മിടുക്കനായ കുട്ടിക്ക് കഴിഞ്ഞ പരീക്ഷയിൽ 50ൽ 48 മാർക്ക്, ഈ പരീക്ഷയിൽ 50ൽ 50. വളർച്ച വെറും 2 മാർക്ക്. കഴിഞ്ഞതവണ കഷ്ടിച്ച് 50ൽ 20 മാർക്ക് കിട്ടിയവന് ഇത്തവണ 50ൽ 40. വളർച്ച 20 മാർക്ക്! അതുപോലെയേ ഉള്ളൂ. ചുരുക്കത്തിൽ മറ്റു സംസ്ഥാനങ്ങൾ മിക്കതും ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ നേരത്തേതന്നെ സ്ഥിരത കൈവരിച്ചപ്പോൾ അവരുടെ പഴയ സ്കോറിലേക്കു പോലും നമ്മൾ ഇനിയും എത്തിയിട്ടില്ല.

[4] മുഖ്യമന്ത്രിയുടെ അവകാശവാദം: കഴിഞ്ഞ അഞ്ചുവർഷത്തിൽ കൈവരിച്ച പുരോഗതിയുടെ പ്രതിഫലനമാണ് കേരളത്തിന്റെ നേട്ടം.

‘നേട്ടത്തെ’ മൊത്തം തന്റെ ഒന്നാം സർക്കാരിന്റെ ഗുണമാക്കി ചിത്രീകരിക്കുകയാണ് മുഖ്യമന്ത്രി. ഇത് ശരിയല്ല. റിപ്പോർട്ടിന്റെ സെക്ഷൻ 2.6ൽ പറയുന്നത് ഓരോ ഭരണപ്രവിശ്യയുടെയും സമീപകാല പുരോഗതിയും ആ ഭരണപ്രവിശ്യയുടെ രൂപീകരണം മുതൽ ഇതുവരെയുമുള്ള മുഴുവൻ പുരോഗതിയും റാങ്ക് നിർണ്ണയത്തിൽ വിവിധ വിഷയങ്ങളിൽ പരിഗണിച്ചു എന്നാണ്. അതായത് കേരള സംസ്ഥാന രൂപീകരണം തൊട്ട് ഇതുവരെയുള്ള എല്ലാ സർക്കാരുകൾക്കും കൂടി അവകാശപ്പെട്ടതാണ് ഇപ്പോഴത്തെ റാങ്കിങ്ങിലെ ഗുണവും ദോഷവും. അല്ലെങ്കിൽത്തന്നെ കേരളം പൊതുജനാരോഗ്യത്തിലും സാമൂഹ്യസുരക്ഷയിലുമൊക്കെ പണ്ടുമുതൽ മികച്ചുനിൽക്കുന്ന സംസ്ഥാനമല്ലേ?

Also Read:മുംബൈയിൽ ഖാലിസ്ഥാൻ ഭീകരാക്രമണ പദ്ധതി : വെളിപ്പെടുത്തിയത് ജർമനിയിൽ നിന്നും അറസ്റ്റിലായ ഭീകരൻ

ഇനി എന്റെ ചോദ്യം. ‘ശരാശരി’യിൽ മുഖ്യമന്ത്രി തൃപ്തനാണോ? സ്വന്തം പ്രകടനം വിലയിരുത്തി, സമാന സംസ്ഥാനങ്ങളുമായി തുലനം ചെയ്ത്, പോരായ്മകൾ പരിഹരിച്ച് മുന്നോട്ടു പോകുക എന്നതാണ് സദ്ഭരണ സൂചികയുടെ ഉദ്ദേശം തന്നെ. എന്നാൽ എന്തിനെയും നേട്ടമായി കാണിക്കാൻ ആണ് നമ്മുടെ ശ്രമം. കോവിഡിലെ പിആർ പോലെ. സ്വന്തം ഗ്രൂപ്പിലെ പത്തുപേരിൽ അഞ്ചാമത് എത്തിയതിനെ നേട്ടമായി ചിത്രീകരിക്കുന്നത് ശരാശരിക്കാരന്റെ ആഘോഷമാണ്; സംസ്ഥാനത്തിന്റെ അല്പത്തരമാണ്. ഇനി അഥവാ ശരാശരി പ്രകടനം കൊണ്ട് തൃപ്തിപ്പെടുന്ന ആളാണ് മുഖ്യമന്ത്രിയെങ്കിൽ പത്തിലെ അഞ്ചാം സ്ഥാനം ആഘോഷിക്കുന്നതിൽ തെറ്റില്ല. ‘നേട്ടങ്ങളൊക്കെ’ കഴിഞ്ഞ 5 വർഷത്തെ ഭരണത്തിന്റെ ഫലമെങ്കിൽ കോട്ടങ്ങളും അങ്ങനെതന്നെ ആവണമല്ലോ. പൊതുജനാരോഗ്യം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യസുരക്ഷ എന്നിവയിലാണ് കേരളം ഒന്നാമതോ രണ്ടാമതോ എത്തിയത്. എന്നാൽ വികസനത്തിൽ നിർണ്ണായകമായ മറ്റനേകം സൂചികകളിൽ കേരളം ഏറ്റവും പിന്നിലാണ്. കാർഷികമേഖല, അടിസ്ഥാനസൗകര്യ വികസനം എന്നീ സൂചികകളിൽ നമ്മളാണ് ലാസ്റ്റിൽ നിന്ന് ഫസ്റ്റ്. വാണിജ്യ-വ്യവസായ മേഖല, സാമ്പത്തികമേഖല എന്നിവയിൽ ലാസ്റ്റിൽ നിന്ന് സെക്കന്റും. അതിന്റെ ക്രെഡിറ്റ് വേണ്ടേ?

shortlink

Related Articles

Post Your Comments

Related Articles


Back to top button