ചെന്നൈ: വാട്സാപ്പിൽ ഗ്രൂപ്പ് അംഗങ്ങൾ അയയ്ക്കുന്ന എല്ലാ സന്ദേശങ്ങൾക്കും അഡ്മിന് ഉത്തരവാദിത്വമുണ്ടായിരിക്കില്ലെന്ന വിധിയുമായി മദ്രാസ് ഹൈക്കോടതി.
ഗ്രൂപ്പിലെ മറ്റൊരംഗം അയച്ച സന്ദേശത്തിന്റെ പേരിൽ ക്രിമിനൽ നടപടി നേരിടേണ്ടിവന്ന അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് മധുര ബെഞ്ച് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഗ്രൂപ്പ് പ്രവർത്തനത്തിൽ അഡ്മിന്റെ നിയന്ത്രണം വളരെ പരിമിതമാണെന്നും, അതുകൊണ്ടു തന്നെ, സംയുക്ത ആസൂത്രണത്തിന്റെ പേരിൽ അഡ്മിനെതിരെ മാത്രം നടപടിയെടുക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജി.ആർ സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആയിരുന്നു വിധി പുറപ്പെടുവിച്ചത്.
കരൂരിലെ അഭിഭാഷകരുടെ വാട്സ്ആപ്പ് കൂട്ടായ്മയിൽ, പച്ചയപ്പനെന്ന വാട്സാപ്പ് അംഗം അയച്ച സന്ദേശത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ ഗ്രൂപ്പ് അഡ്മിനെതിരെ പൊലീസ് നടപടി എടുത്തിരുന്നു. ഇതിനെതിരെ, അഡ്മിനായ രാജേന്ദ്രൻ സമർപ്പിച്ച ഹർജി പരിശോധിക്കുമ്പോഴാണ് മദ്രാസ് കോടതി ഇങ്ങനെ ഒരു വിധി പുറപ്പെടുവിച്ചത്. സമാനമായ മറ്റൊരുത്തരവ് പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതിയുടെ നടപടിയെയും കോടതി ചൂണ്ടിക്കാട്ടി.
Post Your Comments