
തിരുവനന്തപുരം: കൊവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല നിയന്ത്രണം. ജനുവരി 2വരെയാണ് നിയന്ത്രണം. പുതുവര്‍ഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം.
രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. കടകള്‍ രാത്രി 10 മണിക്ക് അടയ്ക്കണം. അനാവശ്യ യാത്രകള്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ തിയേറ്ററുകളില്‍ സെക്കന്റ് ഷോ നടത്തരുതെന്നും സര്‍ക്കാര്‍ അറിയിപ്പുണ്ട്. പുതുവത്സരാഘോഷം 31ന് രാത്രി 10ന് ശേഷം അനുവദിക്കില്ല.
ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിംഗ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരും. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പൊലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി അണിനിരത്തും.
Post Your Comments