സുഖ്മ: സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ചു. ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയ്ക്കും തെലങ്കാനയിലെ ഭദ്രാദ്രി കോതഗുഡം ജില്ലയ്ക്കും ഇടയിലുള്ള അതിർത്തി പ്രദേശത്താണ് വെടിവെപ്പുണ്ടായത്.
ഇന്ന് പുലർച്ചെ, പെട്രോളിങ്ങിനിറങ്ങിയ പോലീസ് സേന, പസർലപ്പാട് വനമേഖലയിൽ എത്തിയപ്പോഴായിരുന്നു വെടിവെപ്പ് നടന്നത്. മാവോയിസ്റ്റുകൾ കീഴടങ്ങാൻ തയ്യാറാവാതെ പോലീസുകാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നാല് പേർ സ്ത്രീകളാണ്.
മാവോയിസ്റ്റുകളുടെ ചാർല ഏരിയാ കമാൻഡറും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഭീകരവാദികളെ പിടിക്കാനായി സിആർപിഎഫ്, തെലങ്കാന സ്പെഷ്യൽ പാർട്ടി പോലീസ് എന്നിവരുടെ സംയുക്ത സൈന്യം ഈ വനമേഖല അരിച്ചു പെറുക്കുന്നുണ്ട്. എന്നാൽ, മുന്നിൽ പെടുന്ന മാവോയിസ്റ്റുകളിൽ നിന്നും ശക്തമായ പ്രതിരോധമാണ് സൈന്യത്തിന് നേരിടേണ്ടി വരുന്നത്.
Post Your Comments