കൊച്ചി : കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ സംഘർഷം. ഇന്നലെ രാത്രിയാണ് തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പോലീസിന് നേരെയും നാട്ടുകാര്‍ക്ക് നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു.
കിറ്റക്സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. ഇതോടെയാണ് സംഭവം അന്വേഷിക്കാനായി പോലീസ് എത്തിയത്. തുടർന്ന് ഇവർ പോലീസിനെയും അക്രമിക്കുകയായിരുന്നു. ഒപ്പം പോലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് അടിച്ച് തകര്‍ക്കുകയും കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികള്‍ തീ വെയ്ക്കുകയും ചെയ്തു. പോലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തിൽ കുന്നത്തുനാട് സി.ഐയ്ക്ക് അടക്കം അഞ്ച് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
Read Also : ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ബിജെപി ഭരണം നിലനിര്‍ത്തും? അഭിപ്രായ സര്‍വേ പുറത്ത്
മദ്യപിച്ച് പരസ്പരം ഉണ്ടായ തർക്കമാണ് പ്രശ്നത്തിന് തുടക്കമെന്ന് പോലീസ് പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ പോലും ഇവര്‍ മര്‍ദിച്ചു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്ക് നേരെ തൊഴിലാളികള്‍ കല്ലെറിയുകയും ചെയ്തു. സംഭവത്തിൽ പിന്നീട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Post Your Comments