ടെഹ്റാൻ: ഈ ആഴ്ച ഗൾഫ് കടലിൽ നടത്തിയ ആയുധാഭ്യാസം ഇസ്രായേലിനുള്ള മുന്നറിയിപ്പാണ് എന്ന് ഇറാൻ. ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നിട്ടുള്ളത്. ഇറാന്റെ ആണവായുധ കേന്ദ്രത്തിനെതിരെ ആക്രമണം നടത്താൻ ഇസ്രായേൽ തയ്യാറെടുക്കുകയാണ് എന്ന് നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രസ്താവന.
ഇറാൻ നടത്തിയ ആയുധ അഭ്യാസത്തിൽ ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഉൾപ്പെടുത്തിയിരുന്നു. ആയുധാഭ്യാസത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച ഇസ്രായേലിന്റെ ഡിമോണ ന്യൂക്ലിയർ റിയാക്ടറിനോട് സാമ്യമുള്ള ലക്ഷ്യത്തിലേക്ക് മിസൈലുകൾ തൊടുക്കുന്നതും തകർക്കുന്നതും സ്റ്റേറ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്തിരുന്നു. യഥാർത്ഥത്തിൽ ഇസ്രായേലിന്റെ തന്ത്രപ്രധാനമായ ആണവോർജ കേന്ദ്രമാണ് ഡിമോണ.
ഇസ്രായേലിന്റെ ഭീഷണികൾക്കുള്ള മറുപടിയാണ് ഈ ആയുധ അഭ്യാസമെന്ന് ഇറാന്റെ ഗാർഡ്‌സ് ചീഫ് ജനറൽ ഹോസെയ്ൻ സലാമി മാധ്യമങ്ങളോട് പറഞ്ഞു. ‘ഇസ്രായേൽ തെറ്റായ നീക്കത്തിന് മുതിർന്നാൽ, അവരുടെ കൈകൾ ഞങ്ങൾ വെട്ടി എടുക്കും. ആയുധാഭ്യാസ പ്രകടനവും യുദ്ധവും തമ്മിലുള്ള ഒരു വ്യത്യാസം, മിസൈലുകൾ തൊടുക്കുന്ന ആംഗിളുകൾ മാത്രമാണ്!’ സലാമി മുന്നറിയിപ്പു നൽകി.
Post Your Comments