
ബെംഗളൂരു: വിവാഹം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷം ഭാര്യ തന്നെ അടിമയായി കാണുന്നുവെന്ന പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ.
ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് യുവാവ്. ഭാര്യ തന്നെ പതിവായി മർദിക്കാറുണ്ടെന്നും എപ്പോഴും വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങാൻ നിർബന്ധിക്കുമെന്നും യുവാവിന്‍റെ പരാതിയിൽ പറയുന്നു. ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി സ്വകാര്യ ആവശ്യത്തിനായി ഒരു കാർ വാങ്ങിച്ചു നൽകിയെന്നും യുവാവ് വ്യക്തമാക്കി.
കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. അപ്പാർട്ട്മെന്റിലാണ് ഇരുവരും താമസിച്ചുവന്നത്. ഒരു ദിവസം രാത്രി പുറത്തുപോകണമെന്ന് ഭാര്യ ശാഠ്യം പിടിച്ചു. അപ്പാർട്ട്മെന്റിന്റെ താക്കോൽ ചോദിച്ചെങ്കിലും പുറത്തുപോകരുതെന്ന് യുവാവ് ഭാര്യയോട് ആവശ്യപ്പെട്ടു. ശേഷം യുവാവ് ഉറങ്ങാൻ കിടന്നപ്പോൾ ഭാര്യ കട്ടിലിൽ കയറി തലയണകൊണ്ട് ശ്വാസം മുട്ടിക്കാൻ ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു.
യുവാവിന്റെ തലതല്ലിപൊളിച്ചു, നഗ്നതാ പ്രദർശനം: പൊലീസിന് മുന്നില്‍ മദ്യപാനിയുടെ അക്രമം
ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയതോടെ ഭാര്യയെ തള്ളിമാറ്റിയതായും ഇതോടെ നെഞ്ചിലും വയറിലും മാന്തുകയും കടിക്കുകയും ചെയ്തതായി യുവാവ് പരാതിയിൽ പറയുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരും പോലീസിനെ വിളിക്കുകയും തുടർന്ന് രണ്ടുപേർക്കും കൗൺസലിങ് നൽകുകയും യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ആവശ്യപ്പെട്ടതെല്ലാം നൽകിയിട്ടും ഭാര്യ തനിക്കെതിരെ പോലീസ് സ്റ്റേഷനിൽ സ്ത്രീധന പീഡനപരാതി നൽകിയെന്നും പിന്നീട് കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. അതേസമയം, ദമ്പതികളുടെ പരാതികളിൽ അന്വേഷണം നടത്തുകയാണെന്നും പ്രശ്ന പരിഹാരത്തിനായി ഇരുവരെയും കൗൺസലിങ്ങിന് വിധേയമാക്കിയതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Post Your Comments