ന്യൂഡൽഹി: ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന് ഹോളിവുഡ് സിനിമയിൽ വേഷം നൽകാമെന്ന് തട്ടിപ്പുവീരൻ സുകേഷ് പറഞ്ഞിരുന്നതായി പോലീസ്. ഹോളിവുഡ് താരം ലിയനാർഡോയുടെ സിനിമയിൽ മികച്ചൊരു വേഷം നൽകാമെന്ന വാഗ്ദാനമാണ് സുകേഷ് നൽകിയത്.
ചാൻസ് വാഗ്ദാനം ചെയ്തതിനോടൊപ്പം, കുതിര, പേർഷ്യൻ പൂച്ച, കാറുകൾ തുടങ്ങി നിരവധി ആഡംബര വസ്തുക്കളും ജാക്വിലിന് സമ്മാനിച്ചിട്ടുണ്ട്. 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുകേഷ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ്. ഇഡി നടത്തിയ അന്വേഷണത്തിൽ ജാക്വിലിനും സുകേഷും തമ്മിലുള്ള ഇടപാടുകൾ കണ്ടെത്തിയിരുന്നു.
എല്ലാവരും കാണാനാഗ്രഹിക്കുന്ന ഒരു വ്യക്തിയുമായി കൂടിക്കാഴ്ചയൊരുക്കാൻ സാധിക്കുമെന്ന് സുകേഷ് ജാക്വിലിനോട് പറഞ്ഞിരുന്നു. ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക് തുടങ്ങിയ പശ്ചാത്യ നഗരങ്ങളിൽ ഒരുപാട് സഞ്ചരിച്ചിട്ടുണ്ടെന്നും, അങ്ങനെ കിട്ടിയ ബന്ധങ്ങളിലൂടെ സെലിബ്രിറ്റികളുടെ മാനേജർമാരെ തനിക്ക് അടുത്തറിയാമെന്നും സുകേഷ് ജാക്വലിനെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ, ആരെയാണ് കാണാൻ പോകുന്നതെന്ന വിവരം ജാക്വിലിനോട് പറഞ്ഞിരുന്നില്ല.
ഒരുപാട് കാലം അങ്ങനെ പറഞ്ഞു കബളിപ്പിച്ച്ശേഷമാണ് കാണാൻ പോകുന്ന ഹോളിവുഡ് താരം ലിയനാർഡോ ഡികാപ്രിയോ ആണെന്ന് സുകേഷ് വെളിപ്പെടുത്തിയത്. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ പോകുന്ന കാര്യം ആരോടും പറയരുതെന്ന നിർദ്ദേശവും സുകേഷ് നൽകിയിരുന്നു
Post Your Comments