ശബരിമല: കരിമല വഴിയുള്ള കാനനപാത തുറക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി കാനനപാതയില്‍ പരിശോധന നടത്തി. എ.ഡി.എം അര്ജുന് പാണ്ഡ്ന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാതയില്‍ പരിശോധന നടത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് ഉദ്യോഗസ്ഥ സംഘം കാനനപാതയിലൂടെ നടന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
ഡിസംബര്‍ 30ന് പാത സഞ്ചാരയോഗ്യമാക്കാനാകുമെന്ന് എ.ഡി.എം പറഞ്ഞു. വനംവകുപ്പിന്റെ നേതൃത്വത്തില്‍ പാത തെളിക്കുന്ന ജോലി ആരംഭിച്ചു.
അയ്യപ്പ ഭക്തർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ മുക്കുഴിയിലും കരിമലയിലും ആശുപത്രി സംവിധാനം തയ്യാറാക്കും. നാല് എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ സെൻററുകളുണ്ടാകും. വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റികള്‍ ഒരുക്കുന്ന എട്ട് ഇടത്താവളങ്ങളുമുണ്ടാകും.
വനപാതയിലൂടെ രാത്രി വൈകിയുള്ള സഞ്ചാരം ഒഴിവാക്കും വിധം സമയം ക്രമീകരിക്കും. വൈകിയെത്തുന്നവര്‍ക്ക് ഇടത്താവളങ്ങളില്‍ വിശ്രമിക്കാന്‍ സൗകര്യം നല്‍കും. അയ്യപ്പ സേവാസംഘത്തിന്റെ അന്നദാന കേന്ദ്രങ്ങളുണ്ടാകും. ശുചിമുറികള്‍ സ്ഥാപിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്യും.
തീര്‍ഥാടകര്‍ക്ക് വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് രണ്ട് കിലോമീറ്റര്‍ ഇടവിട്ട് നിരീക്ഷണ സംവിധാനവും ഒരുക്കും. 18 കിലോമീറ്റര്‍ പൂര്‍ണമായും പെരിയാര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന പാത 35 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. പമ്പാ സ്പെഷല്‍ ഓഫിസര്‍ അജിത് കുമാര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Post Your Comments