ന്യൂഡൽഹി: ഫോണും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ഹാക്കുചെയ്‌തെന്ന പ്രിയങ്ക വാദ്രയുടെ ആരോപണം തെറ്റാണെന്ന് കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയം. തന്റേയും തന്റെ മകളുടേയുമടക്കം ഫോൺ വിവരങ്ങളും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ഉത്തർപ്രദേശ് സർക്കാർ ഹാക്ക് ചെയ്‌തെന്ന ആരോപണത്തിന്റെ മുനയാണ് കേന്ദ്രസർക്കാർ ഒടിച്ചത്. പ്രിയങ്ക ആരോപണം ഉന്നയിച്ച് മണിക്കൂറുകൾക്കകം കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടാണ് രണ്ടാം ദിവസം റിപ്പോർട്ട് നൽകിയത്.
കേന്ദ്രസർക്കാറിന്റെ സൈബർ അന്വേഷണ വകുപ്പുമായി ബന്ധപ്പെട്ട ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമാണ് അതിവേഗ അന്വേഷണം നടത്തി റിപ്പോർട്ട് കേന്ദ്ര ഐ.ടി മന്ത്രാലയത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറിയത്. പ്രിയങ്കയുടേയും 18 വയസ്സുകാരി മകൾ മിരായ വാദ്രയുടേയും 20 വയസ്സുകാരൻ റായ്ഹാൻ വാദ്രയുടേയും അക്കൗണ്ടുകളാണ് കേന്ദ്ര അന്വേഷണ വിഭാഗം വിശദമായി പരിശോധിച്ചത്.
കേന്ദ്രസർക്കാറിന്റെ കൂടി അറിവോടെയാണ് രാജ്യത്ത് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നാണ് പ്രിയങ്ക കഴിഞ്ഞ ദിവസം ആരോപിച്ചത്. ‘അവരെന്റെ അക്കൗണ്ടുകൾ മാത്രമല്ല മക്കളുടെ ഫോൺ സംഭാഷണങ്ങളും ചാറ്റ് വിവരങ്ങളുമടക്കം ചോർത്തിയിരിക്കുകയാണ്. വ്യക്തിയുടെ എല്ലാ സ്വകാര്യതയിലേക്കും ഉത്തർപ്രദേശ് സംസ്ഥാന സർക്കാർ കടന്നുകയറുകയാണ്.’അഖിലേഷ് യാദവിന്റെ പരാമർശങ്ങൾക്ക് പിന്നാലെയാണ് പ്രിയങ്ക കേന്ദ്രസർക്കാറിനെതിരേയും ഉത്തർപ്രദേശ് ബി.ജെ.പി സർക്കാറിനെതിരേയും രംഗത്ത് വന്നത്.
പ്രിയങ്കയുടേത് തരംതാണ രാഷ്‌ട്രീയ ആരോപണങ്ങളാണെന്ന് തെളിഞ്ഞതായി ഉത്തർപ്രദേശ് ബി.ജെ.പി ഘടകം ആരോപിച്ചു. ഹാക്കിംഗിനെതിരെ പൊതുവേദികളിൽ പ്രസംഗിച്ച പ്രിയങ്ക പക്ഷേ ഔദ്യോഗികമായി പോലീസിൽ പരാതി നൽകാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ പ്രിയങ്കയുടെ കള്ളം പൊളിക്കാൻ തീരുമാനിച്ചാണ് യോഗി ആദിത്യനാഥ് ഭരണകൂടം ഉടൻ ഇടപെട്ട് സ്വയം അന്വേഷണത്തിന് കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തത്.
Post Your Comments