മുംബൈ : രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൊല്ലപ്പെട്ട ഷീന ബോറ ജീവിച്ചിരിക്കുന്നുണ്ടെന്ന് സാക്ഷി മൊഴി. ഇതോടെ ഷീന ജീവിച്ചിരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. ഒരു വനിതാ ഉദ്യോഗസ്ഥ ഷീന ബോറയെ കണ്ടതായി കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ അഭിഭാഷക വെളിപ്പെടുത്തിയതോടെയാണ് കേസില്‍ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വനിത ഉദ്യോഗസ്ഥ അന്വേഷണ സംഘത്തിന് മുന്‍പില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്നും അഭിഭാഷക വെളിപ്പെടുത്തിയിട്ടുണ്ട്.
‘ജമ്മു കശ്മീരിലാണ് ഷീന ബോറ നിലവില്‍ ഉള്ളത്. ജൂണ്‍ 24 ന് ജമ്മുകശ്മീരിലെ ദാല്‍ തടാകത്തില്‍വെച്ച് ഷീനയെ വനിതാ ഉദ്യോഗസ്ഥ കണ്ടിട്ടുണ്ട്. സിബിഐയ്ക്ക് മുന്‍പില്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിശദീകരിക്കാന്‍ അവര്‍ തയ്യാറാണ്’ , ഇന്ദ്രാണിയുടെ അഭിഭാഷക സന ആര്‍ ഖാന്‍ പറഞ്ഞു.
നേരത്തെ ഷീന ബോറ ജീവിച്ചിരിപ്പുണ്ടെന്ന് കാണിച്ച് പ്രതിയും മാതാവുമായ ഇന്ദ്രാണി മുഖര്‍ജി സിബിഐയ്ക്ക് കത്ത് നല്‍കിയിരുന്നു. ജമ്മു കശ്മീരില്‍വെച്ച് മകളെ സഹതടവുകാരി കണ്ടെന്ന് ആയിരുന്നു ഇന്ദ്രാണി സിബിഐയോട് പറഞ്ഞത്. എന്നാല്‍ സിബിഐ ഇത് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഷീന ബോറയെ ജമ്മു കശ്മീരില്‍വെച്ച് വനിതാ ഉദ്യോഗസ്ഥ കണ്ടതായുള്ള അഭിഭാഷകയുടെ വെളിപ്പെടുത്തല്‍. കേസില്‍ 2015 ല്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജി നിലവില്‍ മുംബൈയിലെ ബൈക്കുള ജയിലിലാണ്.
Post Your Comments