തിരുവനന്തപുരം: തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ കർഷകരിൽനിന്ന് പച്ചക്കറി സമാഹരിച്ച് എത്തിക്കാൻ രൂപവത്കരിച്ച കർഷക പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയുമായി ഹോർട്ടികോർപ്പ് ധാരണാപത്രം ഒപ്പുവെച്ചു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി നിലവാരമുള്ള പച്ചക്കറികൾ കേരളത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, മുരിങ്ങക്കായ തുടങ്ങിയവ ആദ്യഘട്ടത്തിൽ എത്തിക്കാനാവുമെന്നാണ് കരുതുന്നത്. താത്‌കാലികമായി 11 മാസത്തേക്കാണ് തമിഴ്‌നാട്ടിൽനിന്ന് പച്ചക്കറി സംഭരിക്കുക.
കേരളത്തിൽനിന്നുള്ള പച്ചക്കറികൾ സുലഭമാകുന്നതോടെ തമിഴ്‌നാട്ടിൽനിന്നു സംഭരിക്കുന്നത് കുറയ്ക്കും. തമിഴ്‌നാട് അഗ്രി മാർക്കറ്റിങ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വിലയനുസരിച്ചാണ് പച്ചക്കറികൾ ഹോർട്ടികോർപ്പ് സംഭരിക്കുക.പച്ചക്കറി ഉത്‌പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് കാർഷിക ഉത്പാദക സംഘങ്ങളിൽനിന്നു ഗ്രേഡ് ചെയ്ത പച്ചക്കറികൾ സംഭരിക്കാൻ ഹോർട്ടികോർപ്പിന് ഇനി കഴിയും.
പച്ചക്കറി സമാഹരിച്ചു തരുന്ന അളവനുസരിച്ച് കിലോയ്ക്ക് ഒരുരൂപ പ്രകാരം കൈകാര്യച്ചെലവ് ഹോർട്ടികോർപ്പ് കൊടുക്കും.തലേദിവസം ഹോർട്ടികോർപ്പ് ആവശ്യപ്പെടുന്ന പ്രകാരമുള്ള പച്ചക്കറികൾ സമിതി സമാഹരിക്കും. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ഗുണനിലവാരം ഉറപ്പുവരുത്തി ഇവ പിറ്റേദിവസം കേരളത്തിലെത്തിക്കാനാണ് തീരുമാനം.
Post Your Comments