കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന കേന്ദ്ര നിലപാടിനെ വിമർശിച്ച് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ. വിവാഹപ്രായം പതിനെട്ടായി തുടരുന്നത് തന്നെയാണ് ഉചിതമെന്ന് കെ.കെ ശൈലജ വ്യക്തമാക്കി. പ്രായപൂർത്തി ആയാൽ പെൺകുട്ടികൾക്ക് സ്വന്തം കാര്യം നോക്കാൻ പ്രാപ്തയാവുമെന്നും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുകയല്ല വേണ്ടതെന്നും ശൈലജ കോഴിക്കോട് അഭിപ്രായപ്പെട്ടു. നേരത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സമാന അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് കോടിയേരി ആരോപിച്ചിരുന്നു. ഇപ്പോൾ വിവാഹ പ്രായം 18ൽ നിന്നും 21 ആക്കേണ്ട കാര്യമില്ല. വിഷയത്തിൽ സിപിഐഎമ്മിൽ ആശയക്കുഴപ്പമില്ലെന്നും ഡൽഹി മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി. വിഷയത്തിൽ വിമർശനവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ഇന്നലെ രംഗത്തെത്തിയിരുന്നു.
Read Also: അതിർത്തിയിൽ സുരക്ഷ ശക്തമാക്കും: സ്ഥിതിഗതികൾ വിലയിരുത്തി കുവൈത്ത് പ്രധാനമന്ത്രി
എഐഡിഡബ്ല്യൂ കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ നിറവേറ്റുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ട ഇന്നത്തെ സാഹചര്യത്തിൽ സ്ത്രീശാക്തീകരണതിന്റെ പേരിൽ നടത്തുന്ന ഈ നീക്കം തീർത്തും ഫലപ്രദമല്ലെന്നാണ് നിലപാട് എന്നും എഐഡിഡബ്ല്യൂ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments