ചണ്ഡീഗ്രഹ്: മതനിന്ദാ കേസുകളില്‍ ഉള്‍പ്പെടുന്ന കുറ്റവാളികളെ പൊതു സ്ഥലത്തുവെച്ച് തൂക്കിലേറ്റമെന്ന പ്രസ്താവനയുമായി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. പഞ്ചാബില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മതനിന്ദാ കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം രണ്ടുപേരെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അതിന് പിന്നാലെയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്റെ പ്രസ്താവന പുറത്തുവരുന്നത്.
മലേര്‍കോട്‌ലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സിദ്ദു വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുന്നവരുടെ പൊതുസ്ഥലത്ത് വെച്ച് തൂക്കിലേറ്റമെന്ന് ആവശ്യപ്പെട്ടത്. സിഖ് സമുദായത്തിനെതിരെയുള്ള ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം പഞ്ചാബില്‍ നടന്ന മതനിന്ദയുമായി ബന്ധപ്പെട്ട രണ്ടു സംഭവങ്ങളെന്നും സിദ്ദു അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതമൗലികവാദ ശക്തികളാണ് സംഭവങ്ങള്‍ക്കു പിന്നിലെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
അതേസമയം സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന മതനിന്ദ ആരോപണവും ആള്‍ക്കൂട്ടക്കൊലയും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതിനിടെ നടന്ന സമാനമായ മറ്റൊരു സംഭവവും ഏറെ ശ്രദ്ധയോടെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികള്‍ നോക്കിക്കാണുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകള്‍ ശ്രദ്ധപൂര്‍വ്വമാണ് പല രാഷ്ട്രീയ കക്ഷികള്‍ നടത്തുന്നത്. അതിനിടയിലാണ് സിദ്ദുവിന്റെ പുതിയ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. നേരത്തെ മുഖ്യമന്ത്രി ഛന്നി മതനിന്ദാ സംഭവങ്ങളെ ശക്തമായി അപലപിച്ചെങ്കിലും ആരോപണവുമായി ബന്ധപ്പെട്ടു നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ മൗനം പാലിച്ചിരുന്നു.
Post Your Comments