News

കാലാവസ്ഥാ വ്യതിയാനം തീവ്രതയേറുമ്പോൾ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങൾ വരെ മലയാളിക്ക് കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും കടലുകൾക്കപ്പുറം നടക്കുന്ന പ്രതിഭാസങ്ങളായിരുന്നു. എന്നാൽ ഇന്ന് അവ നമ്മുടെ പരിസരങ്ങളിലേക്ക് കൂടി എത്തിയിരിക്കുന്നുവെന്ന് മാത്രമല്ല, അതിഭീകരമാംവിധം നാം അതിന് ഇരകളായി ക്കൊണ്ടിരിക്കുകയാണ്.

Also Read : ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ല : എസ്ഡിപിഐയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് വത്സൻ തില്ലങ്കേരി

വ്യവസായവൽക്കരണത്തിന് ശേഷം ഭൂമിയിലുണ്ടായ മാറ്റങ്ങൾ നേരിയതോതിലെങ്കിലും നമ്മുടെ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ബാധിച്ചു തുടങ്ങിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദശകങ്ങളായി അതിൻറെ തോത് ക്രമാതീതമായി ഉയരുകയാണ്. ഫാക്ടറികൾ വാഹങ്ങൾ എന്നിവയിൽ നിന്നെല്ലാം അനുവദനീയമായതിലും കൂടിയ അളവിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് ഭൂമിയെ ക്രമാതീതമായി ചൂടുപിടിക്കുന്നു.

അന്തരീക്ഷത്തിൽ ചൂടു വർദ്ധിക്കുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിച്ചു. കാലാവസ്ഥ അതിതീവ്ര സ്വഭാവത്തിലേക്ക് മാറി. ചൂടിന് കാഠിന്യം ഏറുകയും മഴയ്ക്ക് തീവ്രത ഏറുകയും ചെയ്തു. പ്രകടമായ മാറ്റം ഉണ്ടായത് കേരളം ഉൾപ്പെടുന്ന ഇന്ത്യൻ ഉപദ്വീപീലാണ്. കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സമൃദ്ധമായ മഴക്കാലം സമ്മാനിച്ചിരുന്ന മൺസൂൺ കാറ്റുകളുടെ ദിശയിലും കാലത്തിനും വലിയ വ്യത്യാസം ഉണ്ടായി. വൈകിയെത്തുന്ന മഴക്കാലം സ്ഥിരതയില്ലാതെ നീണ്ടുപോകുന്ന സ്ഥിതിയാണിപ്പോൾ. ആഗോളതാപനം മൂലം കടലിൽ ക്രമാതീതമായി ചൂട് ഉയർന്നത് അറബിക്കടലിൽ മുമ്പില്ലാത്തവിധം ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിന് കാരണമായി. സാധാരണ ഉണ്ടാവുന്നതിനും ഇരട്ടിയിലധികം ന്യൂനമർദ്ദങ്ങളാണ് ഇപ്പോൾ ഓരോ കാലവർഷത്തിലും അറബിക്കടലിൽ രൂപം കൊള്ളുന്നത്. ശക്തമായ പേമാരിയായി അവ നമ്മുടെ മണ്ണിൽ പെയ്തിറങ്ങുന്നു.

നിശ്ചിതസമയത്ത് ഭൂമിയിലേക്ക് പതിക്കുന്ന മഴ വെള്ളത്തിൻറെ അളവിൽ വർധനവുണ്ടായി. ഇതിന് മേഘവിസ്ഫോടനമെന്നാണ് പറയുക. ഇതിന്റെ ഫലമായുണ്ടാവുന്ന അതിതീവ്രമഴ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലും പെട്ടെന്നുണ്ടാക്കുന്ന വെള്ളപ്പൊക്കത്തിനും കാരണമാകുന്നു. കൃത്യമായ സമയത്ത് മഴ ലഭിക്കാത്തതും വൈകിയെത്തുന്ന മഴ നിശ്ചിത സമയം കഴിഞ്ഞും നീണ്ടു നിൽക്കുന്നതും കാർഷിക മേഖലയേയും പ്രതികൂലമായി ബാധിച്ചു. ചുരുക്കത്തിൽ പരിസ്ഥിതി, കൃഷി, ജലസേചനം, സമ്പദ്‌വ്യവസ്ഥ എന്നിങ്ങനെ സർവതല സ്പർശിയായാണ് കാലാവസ്ഥാമാറ്റം ഭൂമിയിൽ അനുഭവപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button