ബെംഗളൂരു : കര്‍ണാടക -മഹാരാഷ്ട്ര അനുകൂലികള്‍ തമ്മിലുള്ള സംഘര്‍ഷം അക്രമാസക്തമായതോടെ ബെളഗാവിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മറാഠി ഭാഷ സംസാരിക്കുന്നവര്‍ക്കു ഭൂരിപക്ഷമുള്ള ബെളഗാവിയെ മഹാരാഷ്ട്രയ്‌ക്കൊപ്പം ചേര്‍ക്കണമെന്ന വാദവുമായി വര്‍ഷങ്ങളായി രംഗത്തുള്ള മഹാരാഷ്ട്ര ഏകീകരണ്‍ സമിതി യും ശിവസേനാ പ്രവര്‍ത്തകരും ഇതിനെ എതിര്‍ക്കുന്ന കന്നഡ അനുകൂല സംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടലാണ് അക്രമാസക്തമായത്.
കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം ബെളഗാവിയില്‍ ആരംഭിച്ച 13 നു തുടങ്ങിയ സംഘര്‍ഷം നിയന്ത്രണാതീതമാകുകയായിരുന്നു. സമരം ചെയ്ത എംഇഎസ് നേതാക്കള്‍ക്കു മേല്‍ കന്നഡ സംഘടനകള്‍ കറുത്തമഷി ഒഴിച്ചതാണു തുടക്കം. തുടര്‍ന്ന് എംഇഎസ് ബന്ദ് നടത്തുകയും കന്നഡ പതാക കത്തിക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ ആദരിക്കപ്പെടുന്ന ഛത്രപതി ശിവാജിയുടെ പ്രതിമ ബെംഗളൂരുവില്‍ വികൃതമാക്കിയതു കൂടുതല്‍ പ്രശ്‌നത്തിനിടയാക്കി. പിന്നാലെ, കര്‍ണാടകയിലെ സ്വാതന്ത്ര്യസമര സേനാനി സംഗൊള്ളി രായണ്ണയുടെ ബെളഗാവിയിലെ പ്രതിമ എംഇഎസും ശിവസേനയും ചേര്‍ത്തു തകര്‍ത്തു. പൊലീസിന്റേത് ഉള്‍പ്പെടെ 26 വാഹനങ്ങള്‍ക്കു മഹാരാഷ്ട്ര അനുകൂലികള്‍ കല്ലെറിഞ്ഞു. 3 കേസുകളിലായി 27 പേര്‍ അറസ്റ്റിലായി.
Post Your Comments