Latest NewsKeralaNews

മാരാര്‍ജി ഭവനില്‍ നിന്നും എ.കെ.ജി ഭവനില്‍ നിന്നും ഇപ്പോള്‍ ഒരേ സ്വരമാണ് മലയാളി കേള്‍ക്കുന്നത്: ജമാഅത്തെ ഇസ്‌ലാമി

സി.പി.എമ്മിൻ്റെ ഈ രാഷ്ട്രീയക്കളിയിൽ ജമാഅത്തെ ഇസ്‌ലാമിക്ക് ലഭിക്കുന്ന ദൃശ്യതയും ജനകീയതയും വളരെ വലുതാണ്.

കോഴിക്കോട്: കേരളത്തിന്റെ സാഹോദര്യവും സൗഹൃദവും സഹവര്‍ത്തിത്വവുമെല്ലാം തകര്‍ക്കുന്നത് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയമാണെന്ന വിമർശനവുമായി ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്മാന്‍. മാരാര്‍ജി ഭവനില്‍ നിന്നും എ.കെ.ജി ഭവനില്‍ നിന്നും ഇപ്പോള്‍ ഒരേ സ്വരമാണ് മലയാളി കേള്‍ക്കുന്നതെന്നും കെ.സുരേന്ദ്രനും കൊടിയേരി ബാലകൃഷ്ണനും ഒരേ ആശയമാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജമാഅത്തെ ഇസ്‌ലാമിയെ സജീവ ചർച്ചയാക്കിയ സി.പി.എമ്മിനോട്….. കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ ബ്രാന്റ് ചെയ്യുന്നതിൽ പ്രബല രാഷ്ട്രീയ പാർട്ടികൾ വഹിച്ച പങ്ക് വളരെ വലുതാണ്. ഇപ്പോൾ കുറച്ച് വർഷങ്ങളായി സി.പി.എമ്മാണ് ഈ ബ്രാൻ്റിങ്ങ് ചുമതല ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ പാർലമെൻ്റ്,നിയമസഭ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്‌ലാമി ഇലക്ഷനിൽ പങ്കെടുക്കുകയോ നേരിട്ടിടപെടുകയോ ചെയ്തിട്ടില്ല. പക്ഷേ ഇലക്ഷൻ ചർച്ചയിലെല്ലാം ജമാഅത്തെ ഇസ്‌ലാമിയും മൗലാനാ മൗദൂദിയുമായിരുന്നു ഇടംപിടിച്ചത്. കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക പ്രശ്നങ്ങൾ ജനാധിപത്യപരമായി ഉന്നയിക്കപ്പെടുമ്പോഴെല്ലാം അതിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം അത് ജമാഅത്തെ ഇസ്‌ലാമിയുടെ ചുമലിൽ വെച്ചുകെട്ടി ഇരകളാക്കപ്പെടുന്നവരെ അവഹേളിക്കുവാനും കോർപ്പറേറ്റുകളുൾപ്പടെയുള്ള വേട്ടക്കാരുടെ കാവലാളാവാനുമാണ് സി.പി.എം ശ്രമിക്കുന്നത്.

സി.പി.എമ്മിൻ്റെ ഈ രാഷ്ട്രീയക്കളിയിൽ ജമാഅത്തെ ഇസ്‌ലാമിക്ക് ലഭിക്കുന്ന ദൃശ്യതയും ജനകീയതയും വളരെ വലുതാണ്. അതുവഴി രൂപപ്പെട്ട അന്വേഷണങ്ങളും വിമർശനങ്ങളുമെല്ലാം ജമാഅത്തെ ഇസ്‌ലാമിയുടെ ആശയപ്രചാരണത്തിന് രഥവേഗം കൂട്ടിയതായാണ് അനുഭവം. ഇതുവരെ കടന്ന് ചെന്നിട്ടില്ലാത്ത മേഖലയിൽവരെ സി.പി.എം ജമാഅത്തെ ഇസ്‌ലാമിയെ കൊണ്ടെത്തിച്ചു. ഇതിലൂടെ താൽക്കാലിക രാഷട്രീയമേൽക്കൈ നേടാമെങ്കിലും ഭാവിയിലേക്കുള്ള സ്വന്തം ശവക്കുഴി കുഴിക്കുകയും സംഘ്പരിവാറിന് വഴിമരുന്നിട്ട് കൊടുക്കുകയുമാണ് സി.പി.എം ചെയ്യുന്നത്.

മാരാർജി ഭവനിൽ നിന്നും എ.കെ.ജി ഭവനിൽ നിന്നും ഇപ്പോൾ ഒരേ സ്വരമാണ് മലയാളി കേൾക്കുന്നത്. കെ.സുരേന്ദ്രനും കൊടിയേരി ബാലകൃഷ്ണനും ഒരേ ആശയമാണ് സംസാരിക്കുന്നത്. ബി.ജെ.പിയുടെ ബി ടീമാകാനല്ല മറിച്ച് സംഘ് മനസ്സിനെ തൃപ്തിപ്പെടുത്തുന്ന എ ടീമാകാനാണ് കേരളത്തിൽ സി.പി.എമ്മിന്റെ ശ്രമം. ജമാഅത്തെ ഇസ്‌ലാമിയെ പൈശാചികവൽക്കരിച്ച് പ്രതിപക്ഷ സംഘടനകളോട് ചേർത്തുകെട്ടി വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീചമായ നീക്കം ഇതിൻ്റെ ഭാഗമാണ്.

ഇപ്പോൾ കേരളത്തിൻ്റെ സാഹോദര്യവും സൗഹൃദവും സഹവർത്തിത്വവുമെല്ലാം തകർക്കുന്നത് സി.പി.എം രാഷ്ട്രീയമാണ്. അതിന്റെ യഥാർഥ ഗുണഭോക്താക്കൾ സംഘ്പരിവാർ രാഷ്ട്രീയം മാത്രമാണ്. ബംഗാളിലും ത്രിപുരയിലും പയറ്റിപൊളിഞ്ഞ ഇരിക്കുംകൊമ്പ് മുറിക്കുന്ന ഈ തീക്കളി സി.പി.എം അവസാനിപ്പിക്കണം. അതല്ല,നിങ്ങളുടെ ജമാഅത്തെ ഇസ്‌ലാമി വിമർശനം ആത്മാർഥമാണെങ്കിൽ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എന്നും നടത്തിക്കൊണ്ടിരിക്കുന്ന സായാഹ്ന വിടുവായത്തം അവസാനിപ്പിച്ച് ആരോഗ്യകരമായ തുറന്ന സംസാരത്തിന് തയ്യാറാകണം. ലീഗ് ശരീരത്തിലും ജനാധിപത്യ മഹിളാ അസോസിയേഷൻ ശരീരത്തിലും കേരളത്തിലെ മുഴുവൻ ജനകീയ സമരങ്ങളിലും ‘തന്ത്രപര’മായി കയറിക്കൂടാനുള അപാര സിദ്ധിയുള്ള ഈ പ്രസ്ഥാനത്തിന് അത്തരമൊരു സംസാരവും സംവാദവും സന്തോഷമല്ലാതെ മറ്റെന്താണ് പകരം നൽകുക?

shortlink

Related Articles

Post Your Comments

Related Articles


Back to top button