ആലപ്പുഴ: ബിജെപി നേതാവ് രജ്ഞിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ 11 പേര് കസ്റ്റഡിയില്‍. അക്രമികള്‍ ആംബുലന്‍സിലാണ് എത്തിയതെന്നാണ് സംശയം. ഇതോടെ എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള ആംബുലന്‍സ് പൊലീസ് പരിശോധിച്ചുവരികയാണ്. താമരക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സാണ് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ മുതല്‍ നഗരപരിധിയില്‍ ഈ ആംബുലന്‍സ് കറങ്ങുന്നുണ്ടായിരുന്നു. സംശയത്തെ തുടര്‍ന്നാണ് ആംബുലന്‍സ് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ മരണം അറിഞ്ഞ് വന്നവരാണെന്നായിരുന്നു ആംബുലന്‍സിലുണ്ടായിരുന്നവരുടെ പ്രതികരണം. രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ശനിയാഴ്ച്ച രാത്രി ഷാന്‍ സഞ്ചരിച്ച ബൈക്ക് പിന്നില്‍നിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ഒരു സംഘം എത്തി ആക്രമിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.
Read Also: അതിർത്തിയിൽ സുരക്ഷ ശക്തമാക്കും: സ്ഥിതിഗതികൾ വിലയിരുത്തി കുവൈത്ത് പ്രധാനമന്ത്രി
ഗുരുതരമായി പരിക്കേറ്റ ഷാനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.പിന്നാലെ ഇന്ന് രാവിലെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന് കൊല്ലപ്പെടുന്നത്. പ്രഭാത സവാരിക്കിടെ ഒരു സംഘം ആളുകളെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗരപരിധിയിലാണ് കൊലപാതകം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments