കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍ എ എം ഹാരിസിനെ സസ്‌പെന്‍ഡ് ചെയ്തു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്റേതാണ് ഉത്തരവ്.
അതേസമയം ഹാരിസിനും സീനിയര്‍ എന്‍ജിനീയര്‍ ജെ. ജോസ്‌മോനുമെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. ജോസ്‌മോന്റെ വീട്ടില്‍ നിന്ന് 1.5 ലക്ഷം രൂപ ആണ് പിടിച്ചെടുത്തിരുന്നത്. പാലാ പ്രവിത്താനം പി ജെ ട്രെഡ് ഉടമ ജോബിന്‍ സെബാസ്റ്റ്യനില്‍ നിന്നാണ് ഹാരിസ് കൈക്കൂലി വാങ്ങിയത്.
ഈ സ്ഥാപനത്തിനെതിരെ അയല്‍വാസി ശബ്ദമലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പരാതി നല്‍കിയിരുന്നു. പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയെങ്കിലും ലൈസന്‍സ് പുതുക്കി നല്‍കാതെ, ലൈസന്‍സ് പുതുക്കാന്‍ ഹാരീസ് ജോബിനോട് 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്നാണ് ഇദ്ദേഹം ഹാരിസിനെതിരെ വിജിലന്‍സ് എസ്.പി വി.ജി. വിനോദ് കുമാറിന് പരാതി നല്‍കിയത്. ഫിനോഫ്‌തലിന്‍ പുരട്ടിയ നോട്ടുകള്‍ കൈപ്പറ്റുന്നതിനിടയിലാണ് ഹാരിസ് വിജിലൻസ് പിടിയിലായത്.
Post Your Comments