ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വൈകുന്നതിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. കേരളത്തിൽ 40,000-ൽ അധികം പേർ കോവിഡ് ബാധിച്ചു മരിച്ചിട്ടും, ആകെ 548 പേർക്ക് മാത്രമാണ് അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകിയത്.
ഈ കണക്കുകൾ പരിശോധിച്ചതാണ് സുപ്രീംകോടതി കേരളത്തെ വിമർശിക്കാൻ കാരണം. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചവർ തന്നെ പതിനായിരത്തിലധികം ഉണ്ടായിട്ടും, എത്ര കുറച്ചുപേർക്കു മാത്രമാണോ ആശ്വാസധനം നൽകിയതെന്നും സുപ്രീം കോടതി ചോദിച്ചു. ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബഞ്ചായിരുന്നു വാദം കേട്ടത്.
2,000 കുടുംബങ്ങൾക്ക് പോലും നഷ്ടപരിഹാരം നൽകാൻ സാധിക്കാത്ത കേരളത്തിലെ അവസ്ഥ പരിതാപകരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം നൽകേണ്ടത് ക്ഷേമസംസ്ഥാനമെന്ന നിലയ്ക്ക് കേരളത്തിന്റെ ഉത്തരവാദിത്വമാണ് എന്ന് നിരീക്ഷിച്ച കോടതി, ഒരാഴ്ചയ്ക്കകം നഷ്ടപരിഹാര തുക വിതരണം ചെയ്യണമെന്നും, ഇതിൽ വീഴ്ച വരുത്തിയാൽ ഗൗരവമായി കാണുമെന്നും മുന്നറിയിപ്പു നൽകി.
Post Your Comments