അവിവാഹിതയോ, വിവാഹേതര ബന്ധത്തിൽ ഗർഭം ധരിച്ചവളോ, ബലാത്സംഗത്തിന്റെ ഭീകരതയിൽ നിന്നും ജീവിതം തിരികെപിടിച്ചവളോ ആകട്ടെ ഒരു പെണ്ണിന്റെ അമ്മയാകാനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ പൊതു സമൂഹത്തിനു അവകാശം ഇല്ലെന്നിരിക്കെ കേരളത്തിൽ ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനെ തിരികെ കിട്ടാൻ കുടുംബ -രാഷ്ട്രീയ വ്യവസ്ഥിതികൾക്ക് മുന്നിൽ തുറന്ന സമരവുമായി രംഗത്ത് വരേണ്ടി വന്നു. അനധികൃതമായി ദത്തു നൽകിയ സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാനായി അനുപമയെന്ന അമ്മ സമരം ചെയ്തത് വലിയ വാർത്തയായിരുന്നു. അനുപമയ്‌ക്ക് പിന്തുണയുടെയോ ചിലർ എത്തിയപ്പോൾ അനുപമയുടെ ലൈംഗിക ജീവിതത്തിന്റെ ആഘോഷങ്ങളാണ് സൈബർ ലോകത്ത് ചൂടൻ ചർച്ചയായത്.
read also: ഋതുമതിയാകുമ്പോള്‍ തന്നെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിക്കണം, വിവാദ പ്രസ്താവനയുമായി എംപി: വീഡിയോ
പഠിക്കുന്ന സമയത്ത് ഡിവൈഎഫ്ഐ പ്രവർത്തകനായ അജിത്തുമായി പ്രണയത്തിലായ അനുപമ ഒരു കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിനെ ജനിച്ച സമയത്തു മാത്രമേ അനുപമ കണ്ടിട്ടുളളൂ. വിവാഹിതയാകും മുൻപു പിറന്ന കുഞ്ഞിനെ സംരക്ഷിക്കാമെന്നു പറഞ്ഞു രക്ഷിതാക്കൾ കൊണ്ടുപോവുകയും തന്നെ വീട്ടുതടങ്കലിലാക്കുകയും ചെയ്തെന്നാണ് അനുപമയുടെ ആരോപണം.
കുടുംബം ദുരഭിമാനത്തിന്റെ പേരിൽ ആ അമ്മയുടെ അറിവില്ലാതെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ നൽകി. ‘തരികെന്റെ കുഞ്ഞിനെ’ എന്ന നിലവിളിയോടെ തന്നിൽ നിന്നു പറിച്ചെടുത്ത കുഞ്ഞിനു വേണ്ടി അധികാരികളെ മുഴുവൻ പിടിച്ചു കുലുക്കികൊണ്ട് അവൾ തന്റെ കുഞ്ഞിനെ തിരിച്ചു പിടിച്ചത് മലയാളികളുടെ പൊതുബോധത്തിനു നേരെയുള്ള വെല്ലുവിളിതന്നെയായിരുന്നു. കാരണം ‘വിവാഹം കഴിക്കാതെ പ്രസവിച്ചവൾ’ എന്ന വഷളൻ ചിരി ചുണ്ടറ്റത്ത് ഒട്ടിച്ചുവച്ചുകൊണ്ടാണ് അനുപമ വിഷയത്തെ സൈബർ മാധ്യമ ലോകം ചർച്ചയാക്കിയത്.
അനുപമയും അജിത്തും പരാതികൾ കൊടുത്ത ശേഷവും കുഞ്ഞിനെ ദത്തു കൊടുക്കാനുള്ള ശ്രമങ്ങളുമായി ഉദ്യോഗസ്ഥർ മുന്നോട്ടു പോവുകയായിരുന്നു. പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അനുപമയുടെ പരാതികളെ തുടർച്ചയായി അവഗണിച്ചു. ഇതിന് പിന്നാലെയാണ് പ്രശ്നത്തിനു രാഷ്ട്രീയമായ ഒരു താളം കടന്നു വന്നത്. സിപിഐഎം നേതാവ് ആനാവൂർ നാഗപ്പൻ അനുപമയുടെ അച്ഛന് വേണ്ടി നിലകൊണ്ടുവെന്നും അതുകൊണ്ടാണ് കുഞ്ഞിനെ മാറ്റിയതെന്നുമുള്ള വാദങ്ങൾ അനുപമ തന്നെ ഉയർത്തി. തുറന്ന സമരവുമായി അനുപമ എത്തിയതോടെ കടുത്ത സദാചാര ആരോപണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ചിലർ ഉയർത്തി വിട്ടത്.
അവിവാഹിതയായ ഒരു പെണ്ണ് കുഞ്ഞിനെ പ്രസവിക്കുന്നത് ലോകത്തെ ഏറ്റവും വലിയ പാപമായാണ് പൊതു സമൂഹം കാണുന്നത്. അതുകൊണ്ട് തന്നെ അനുപമയുടെ സമരം പലരെയും ചൊടിപ്പിച്ചു. ‘അവിഹിതം’ എന്ന പുച്ഛവാക്കിൽ സ്ത്രീയെ കുടുക്കികൊണ്ട് താറടിക്കാൻ ശ്രമിക്കുന്ന പ്രബുദ്ധ കേരളത്തോടുള്ള മറുപടിയാണ് അനുപമയുടെ സമരം.
സെക്രട്ടറിയേറ്റിനു മുന്നിൽ മഴയെയും വെയിലിനേയും വകവയ്ക്കാതെ ആ അമ്മ നടത്തിയ പോരാട്ടം ഒടുവിൽ വിജയമായി. ആന്ധ്രയിലെ അധ്യാപക ദമ്പതിമാർക്ക് ദത്തു നൽകിയ കുഞ്ഞിനെ അനുപമയ്‌ക്ക് തിരികെ ലഭിച്ചു. ഇത് തന്റേടത്തോടെ തന്റെ ശരിയ്ക്ക് പിന്നാലെ പാഞ്ഞ ഒരു പെണ്ണിന്റെ വിജയമാണ്. കുടുംബം, സദാചാരം, രാഷ്ട്രീയം തുടങ്ങി സാമൂഹികവും ലൈംഗികതയും മാനസികതയും ചേർത്ത ശാരീരികവുമായ എല്ലാത്തരം പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ടാണ് അനുപമ ഈ വിജയം നേടിയത്.
Post Your Comments