തഞ്ചാവൂർ: കമിതാക്കളെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പെൺകുട്ടിയെയും നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർ അറസ്റ്റിലായി. ചൊവ്വാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തിരുവോണം ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ആൺകുട്ടിയും പെൺകുട്ടിയും സംസാരിച്ച് നിൽക്കുന്നത് ചില നാട്ടുകാർ കണ്ടത് വിവാഹത്തിലേക്ക് നയിക്കുകയായിരുന്നു.
പതിനേഴ് വയസുകാരനായ ആൺകുട്ടിയും പതിനാറ് വയസുകാരിയായ പെൺകുട്ടിയും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഇരുവരും പ്ളസ് ടു വിദ്യാർത്ഥികളാണ്.
തിങ്കളാഴ്ച രാത്രി ആൺകുട്ടി ഒരു സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. പുലർച്ചെ ഇവർ രണ്ടുപേരും സംസാരിച്ചു നിൽക്കുന്നത് കണ്ട നാട്ടുകാരിൽ ചിലർ വിദ്യാർത്ഥികൾ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിക്കുകയും ഇരുവരുടെയും മാതാപിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഗ്രാമവാസികൾ സമ്മർദ്ദം ചെലുത്തിയതോടെ ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് ഇരുവരുടെയും വിവാഹം നടത്തി.
സംഭവം വാർത്തയായതോടെ പഞ്ചായത്ത് യൂണിയൻ വെൽഫയർ ഓഫീസർ കമലാദേവി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചതിന്റെ പേരിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾക്കെതിരെ ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെയാണ് കേസെടുത്തിട്ടുള്ളത്. നിർബന്ധിത വിവാഹത്തിന് ഇരയായ ആൺകുട്ടിയെ തഞ്ചാവൂരിലെ ജുവൈനൽ ഹോമിലേയ്ക്കും പെൺകുട്ടിയെ സർക്കാർ ഹോമിലേയ്ക്കും മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments