ന്യൂഡൽഹി: ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള എട്ടാമത്തെ വ്യക്തിത്വമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു. ആഗോളതലത്തിൽ ഏറ്റവുമധികം ആരാധകരുള്ള 20 പേരുടെ പട്ടികയിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഡാറ്റ അനലിറ്റിക്സ് കമ്പനി യുഗോവ് വെളിപ്പെടുത്തി. ഈ വർഷം, 38 രാജ്യങ്ങളിൽ നിന്നുള്ള 42,000 ആളുകളിലാണ് സർവ്വേ നടത്തിയിരിക്കുന്നത്.
ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബോളിവുഡിന്റെ സ്വന്തം ബിഗ് ബി അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ എന്നിവരെ പിന്തള്ളിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. അദ്ദേഹത്തിനു തൊട്ടുപുറകെ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സും, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോയും ജാക്കി ചാനും പട്ടികയിലുണ്ട്. ടെസ്ല സ്ഥാപകൻ ഇലോൺ മസ്ക് ആറാം സ്ഥാനത്ത് നിൽക്കുമ്പോൾ, ലയണൽ മെസ്സി ഏഴാം സ്ഥാനത്താണ് നിൽക്കുന്നത്. ഒമ്പതും പത്തും സ്ഥാനത്ത് എത്തിയിരിക്കുന്നത് റഷ്യൻ പ്രസിഡന്റ് പുടിനും ആഗോള വ്യവസായി ജാക്ക് മായുമാണ്.
ഏറ്റവുമധികം ആരാധകരുള്ള വനിതാ വ്യക്തിത്വങ്ങളുടെ പട്ടിക പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിൽ നിന്നും ഐശ്വര്യാ റായി, പ്രിയങ്ക ചോപ്ര, ഇൻഫോസിസ് ചെയർപേഴ്സൺ സുധാ മൂർത്തി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബറാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമയാണ് ഏറ്റവുമധികം ആരാധകരുള്ള വനിതാ വ്യക്തിത്വമായി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
Post Your Comments