മറ്റ് മൃഗങ്ങൾ വേട്ടയാടിയ ഇരകളെ തട്ടിയെടുക്കുന്നവരാണ് കഴുതപ്പുലികൾ. ഇടയ്ക്ക് ഇവ ഒറ്റയ്ക്കും വേട്ടയാടും. കഴുതപ്പുലിയുടെ അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. കുറ്റിച്ചെടിക്കിടയിൽ മറഞ്ഞിരുന്ന പുള്ളിപ്പുലിക്കുഞ്ഞിനെ വേട്ടായാടാൻ ശ്രമിക്കുന്ന കഴുതപ്പുലിയാണ് ദൃശ്യത്തിലുള്ളത്.
സൗത്ത് ആഫ്രിക്കയിലെ ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. ഗൈഡായ മൂസ വാരാചിയയാണ് ഈ ദൃശ്യം പകർത്തിയത്. വിനോദ സഞ്ചാരികൾക്കൊപ്പം സഫാരി വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് കുറ്റിച്ചെടികൾക്കിടയിൽ മറഞ്ഞിരിക്കുന്ന 11 മാസം പ്രായമുള്ള പുള്ളിപ്പുലിക്കുഞ്ഞിനെ കണ്ടത്. സഞ്ചാരികൾ പുള്ളിപ്പുലിക്കുഞ്ഞിന്റെ ചിത്രം പകർത്തുമ്പോഴാണ് നാല് കഴുതപ്പുലികൾ ഇവരുടെ വാഹനത്തിനു മുന്നിലേക്കെത്തിയത്. ഇതിൽ ഒരു കഴുതപ്പുലി പുള്ളിപ്പുലിക്കുഞ്ഞ് മറഞ്ഞിരിക്കുന്ന കുറ്റിക്കാടിന് സമീപത്തേക്ക് നീങ്ങി.കഴുതപ്പുലി അരികിലെത്തിയതും പുള്ളിപ്പുലിക്കുഞ്ഞ് രക്ഷയില്ലെന്നു മനസിലാക്കി ജീവനും കൊണ്ടോടി. സമീപത്തുള്ള മരത്തിൽ കയറിയാണ് കഴുതപ്പുലിയുടെ പിടിയിൽ നിന്നു പുള്ളിപ്പുലിക്കുഞ്ഞ് രക്ഷപ്പെട്ടത്. തലനാരിഴയ്ക്കാണ് അത് കഴുതപ്പുലിയുടെ പിടിയിൽ നിന്നു രക്ഷപ്പെട്ടത്.
Post Your Comments