തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ നല്ലൊരു സിനിമാ ആസ്വാദകനാണെന്നും എല്ലാ സിനിമകളും അദ്ദേഹം കാണാറുണ്ടെന്നും മരുമകനും മന്ത്രിയുമായ പിഎ മുഹമ്മദ് റിയാസ്. കാണുന്ന സിനിമകളെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ അഭിപ്രായങ്ങളുണ്ടെന്നും കത്തി നില്‍ക്കുന്ന പല സംഭവങ്ങളും കേരളത്തില്‍ നടക്കുമ്പോള്‍ രാത്രി അദ്ദേഹമൊരു സിനിമ കാണുന്നുണ്ടാകുമെന്നും മുഹമ്മദ് റിയാസ് ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയും തങ്ങളും കുടുംബമായി സിനിമകള്‍ കാണാറുണ്ട് എന്നും അതില്‍ അത്ഭുതമൊന്നുമില്ല എന്നും മുഖ്യമന്ത്രിയും ഒരു മനുഷ്യനാണ് എന്നും റിയാസ് കൂട്ടിച്ചേർത്തു. അതേസമയം വ്യക്തിപരമായി തനിക്ക് നേരെ ഉയര്‍ന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് സമയമില്ലെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.’വിമര്‍ശനങ്ങള്‍ എന്ത് നിലയിലും വരും. അതിനോട് പ്രതികരിക്കാന്‍ നിന്നാല്‍ അതിന് മാത്രമേ നേരം കാണൂ. നമുക്ക് സമയമില്ല. രണ്ടു വകുപ്പിന്റെ ചുമതലയുണ്ട്.
24 മണിക്കൂറും. ഓരോ ദിവസവും ഓരോ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനിടയില്‍ വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ നിന്നാല്‍ അതിനെ നേരമുണ്ടാകൂ. നമ്മള്‍ നമ്മുടെ ജോലി ചെയ്യുക. മറ്റു കാര്യങ്ങളൊക്കെ ജനങ്ങള്‍ തീരുമാനിക്കട്ടെ. മുഖ്യമന്ത്രിയുടെ മരുമകന്‍ പരാമര്‍ശങ്ങളും വ്യക്തിഹത്യകളും കാര്യമാക്കാറില്ല. അത്തരം ഫ്രെയിമുകളിലൊന്നും ഞാന്‍ വീഴില്ല.’എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം നടപ്പാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല മന്ത്രിയെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
‘എല്ലാ എംഎല്‍എമാരുടെയും മന്ത്രിയാണ് ഞാന്‍. ഭരണകക്ഷിയുടെ മാത്രമല്ല. എല്ലാവരെയും തുല്യമായാണ് കാണുന്നത്. 140 എംഎല്‍എമാരെയും കേള്‍ക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല നീങ്ങുന്നത്. ഉത്തരവാദിത്വം ഏല്‍പ്പിച്ച പ്രസ്ഥാനം പഠിപ്പിച്ച കാര്യങ്ങളാണ് ചെയ്യുന്നത്. പാര്‍ലിമെന്ററി രംഗത്ത് എത്തുമ്പോള്‍ എല്ലാവരെയും ഒരുപോലെ കാണാന്‍ പഠിപ്പിച്ച പ്രസ്ഥാനമാണ് ഇക്കാര്യത്തില്‍ പിന്‍ബലം. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും റോഡ് പരിപാലന കാലാവധി ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ ഉള്‍പ്പെടെ പിന്തുണയാണ് നല്‍കിയത്.’-റിയാസ് കൂട്ടിച്ചേർത്തു.
Post Your Comments