തിരുവനന്തപുരം: രണ്ട് മാസത്തിനിടെ തിരുവനന്തപുരം റൂറല്‍ മേഖലയില്‍ മാത്രമുണ്ടായത് മുപ്പതിലേറെ ഗുണ്ടാ അതിക്രമങ്ങള്‍. ഗുണ്ടാപ്പട്ടികയില്‍ പെടുത്തേണ്ട പ്രതികള്‍ പോലും കൊലപാതകം ഉള്‍പ്പെടെ ആസൂത്രണം ചെയ്യുമ്പോള്‍ തടയുന്നതില്‍ പൊലീസ് പൂര്‍ണമായി പരാജയപ്പെടുകയാണ്. കഴിഞ്ഞ ദിവസം ഒളിവില്‍ കഴിഞ്ഞ പ്രതിയുടെ കാല്‍വെട്ടിയെറിഞ്ഞ് ഗുണ്ടാസംഘം പോത്തന്‍കോട് നടത്തിയ അതിക്രമം ഒറ്റപ്പെട്ടതല്ല.
കണിയാപുരത്ത് ഭക്ഷണം വാങ്ങാന്‍ പോയ യുവാവിനെ ഗുണ്ടാസംഘാംഗം തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചത് മൂന്നാഴ്ച മുന്‍പാണ്. പോത്തന്‍കോട് ബിരുദ വിദ്യാര്‍ഥിയെ ലഹരിമാഫിയ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും മൊബൈലും കവര്‍ന്നത് രണ്ടാഴ്ച മുന്‍പും. ഇവിടെയെല്ലാം ക്രിമിനലുകളുടെ ക്രൂരതയ്ക്ക് ഇരയായത് സാധാരണക്കാരാണ്.
ഇതുകൂടാതെ ഗുണ്ടാസംഘങ്ങള്‍ പരസ്പരം ആക്രമിച്ച കേസുകളും പത്തിലേറെയുണ്ട്. നവംബര്‍ മുതലുള്ള കേസുകള്‍ പരിശോധിച്ചാൽ തന്നെ ഗുണ്ടകളുടെ തലസ്ഥാനമായി തിരുവനന്തപുരം മാറിയെന്ന് വ്യക്തം.
Post Your Comments