Latest NewsIndia

സാക്ഷാത്കരിപ്പെടുന്നത് ഇന്ത്യയുടെ സ്വപ്‌ന പദ്ധതി: കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

കയ്യേറ്റങ്ങളും ചെറുകടകളുമടക്കം 1,400 വ്യാപാരസ്ഥാപനങ്ങൾ മാറ്റി സ്ഥാപിച്ചു

വരണാസി : ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് പ്രധാനമന്ത്രി ഇടനാഴി ഉദ്ഘാടനം ചെയ്യുക. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് കാശിയിൽ ഒരുക്കിയിരിക്കുന്നത്.ഉദ്ഘാടന പരിപാടികൾക്കായി പ്രധാനമന്ത്രി ഉച്ചയോടെ കാശിയിൽ എത്തും. കാശി വിശ്വനാഥ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തിയ ശേഷമാകും അദ്ദേഹം ഉദ്ഘാടന കർമ്മത്തിലേക്ക് കടക്കുക.

ഉച്ചയ്ക്ക് 12 മണിക്ക് വാരാണസിയിലെ കാലഭൈരവക്ഷേത്രം സന്ദർശിച്ച ശേഷമാകും ഇടനാഴി ഉദ്ഘാടനത്തിനെത്തുക. വൈകീട്ട് ആറ് മണിക്ക് ഗംഗാ ആരതിയിലും അദ്ദേഹം പങ്കു ചേരും. ചൊവ്വാഴ്ച വൈകീട്ട് 3.30-ന് വാരാണസി സ്വർവേദ് മഹാമന്ദിർ സന്ദർശിച്ചശേഷം പ്രധാനമന്ത്രി ഡൽഹിയിലേക്കു മടങ്ങും.ക്ഷേത്ര സമുച്ചയത്തെ ഗംഗാ നദിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് കാശി വിശ്വനാഥക്ഷേത്ര ഇടനാഴി. ഇതിന്റെ നിർമ്മാണം 2019 മാർച്ച് എട്ടിനാണ് ആരംഭിച്ചത്. 800 കോടി രൂപയാണ് പദ്ധതിയ്‌ക്കായി കേന്ദ്രസർക്കാർ ചിലവിട്ടിരിക്കുന്നത്.ആദ്യഘട്ട നിർമാണത്തിന് 339 കോടി രൂപയാണ് ചെലവായത്.

ക്ഷേത്രത്തിലേക്ക് ആദ്യമായി എത്തുന്നവർക്ക് സഹായം നൽകുന്നതിനുള്ള യാത്രി സുവിധാ കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, വേദിക് കേന്ദ്രം, വാരാണസിയുടെ ചരിത്രവും സാംസ്കാരിക പ്രാധാന്യവും വ്യക്തമാക്കുന്ന മ്യൂസിയം, ഊട്ടുപുര, ദൂരദേശങ്ങളിൽനിന്നെത്തുന്ന ഭക്തർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം തുടങ്ങി 23 കെട്ടിടങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇടുങ്ങിയ വഴിയിലൂടെ ക്ഷേത്രത്തിലേക്കുള്ള യാത്ര തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന് കണ്ടെത്തി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിർദേശത്തെത്തുടർന്നാണ് ഇടനാഴി പദ്ധതിക്കു രൂപംനൽകിയത്.

ഭിന്നശേഷിക്കാർക്കും സുഗമമായി ഉപയോഗിക്കാൻ കഴിയണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിർദേശം. ഈ നിർദേശങ്ങളെല്ലാം സമന്വയിക്കുന്നതാണ് ഇടനാഴി. പദ്ധതിക്കായി ക്ഷേത്രത്തിനു സമീപത്തെ മുന്നൂറോളം പേരിൽനിന്ന് സ്ഥലം ഏറ്റെടുത്തിരുന്നു. കയ്യേറ്റങ്ങളും ചെറുകടകളുമടക്കം 1,400 വ്യാപാരസ്ഥാപനങ്ങൾ മാറ്റി സ്ഥാപിച്ചു. 50 അടി വീതിയിൽ പാതയൊരുക്കി 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളെ സംയോജിപ്പിച്ചാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത്.

അതീവ സുരക്ഷയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. എൻഎസ്ജി, ഭീകര വിരുദ്ധ സേന, ഉത്തർപ്രദേശ് പോലീസ് എന്നിവരുടെ സംയുക്ത സംഘമാണ് വരണാസിയിൽ സുരക്ഷയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ സുരക്ഷാ സേന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. 12 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ചടങ്ങിൽ സന്നിഹിതരാകും. അസം, അരുണാചൽ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, മണിപ്പൂർ, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് ചടങ്ങിൽ പങ്കെടുക്കുക. ഇവർക്ക് പുറമേ ഒൻപത് ഉപമുഖ്യമന്ത്രിമാരും ഉദ്ഘാടനപരിപാടിയിൽ പങ്കെടുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button